
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരിവിറ്റഴിക്കുന്നതിന് എതിരേ കോണ്‍ഗ്രസ് ഹൈക്കമാന്റും. അദാനിയുടെ നിയമവിരുദ്ധ നടപടി അനുവദിക്കരുതെന്ന ഹൈക്കമാന്റ് നിര്‍ദേശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി അദാനിയോട് അതൃപ്തി രേഖപ്പെടുത്തിയതെന്നുമാണ് വിവരം.
സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ വിഴിഞ്ഞത്തെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ എന്നാണ് സര്‍ക്കാര്‍ അദാനിഗ്രൂപ്പിനെ അറിയിച്ചിരിക്കുന്നത്. നേരത്തേ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ കൂടിയാലോചനയോ ഇല്ലാതെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ കൈമാറിയത്.
എന്നാല്‍ ഓഹരി കൈമാറ്റം നടത്തണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്നും തുടര്‍ തീരുമാനം കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാകുമെന്നുമാണ് വി ഡി സതീശന് അറിയിച്ചത്. ഏകദേശം 13,270 കോടി രൂപയ്ക്കായിരുന്നു കൈമാറ്റം. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നതും വിവാദമാകുന്നതും.
അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ എംഎസ്സിക്ക് കൈമാറുന്നുവെന്നാണ് വാര്‍ത്തകള്‍. എംഎസ്സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ 'മുന്‍ഡി ലിമിറ്റഡ്' ഓഹരികള്‍ സ്വന്തമാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം.
വിവാദമായതോടെ അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. വിഐഎസ്എല്‍ എംഡിക്കാണ് അപേക്ഷ നല്‍കിയത്. ഒരാഴ്ചയ്ക്കകം അപേക്ഷ നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദാനി ലീഗല്‍ വിഭാഗത്തിന്റെ നിയമോപദേശം കൂടി തേടിയ ശേഷമാണ് ജൂലൈ ഒന്നിന് അപേക്ഷ സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ ഇടതുപക്ഷവും എതിര്പ്പുമായുണ്ട്.






