
മുംബൈ: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് സാമൂഹിക പ്രവര്‍ത്തകനെതിരേ നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച മുംബൈ പോലീസിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സയീദ് അഹമ്മദ് അബ്ദുള്‍ വാഹിദ് ചൗധരിക്കെതിരെ എടുത്ത നടപടിയിലായിരുന്നു നിരീക്ഷണം. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് 49 കാരനെ നാടുകടത്തിയുള്ള ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
ബോംബെ ഹൈക്കോടതി മുംബൈ പോലീസിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പൗരന്മാര് സര്‍ക്കാരിന്റെ അടിമകളാണോ എന്ന് ജസ്റ്റിസ് മാധവ് ജെ. ജാംദാര്‍ ഉള്‍പ്പെട്ട ഏകാംഗ ബെഞ്ച് ചോദിച്ചു. സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയാണെന്ന് അവകാശപ്പെടുന്ന ചൗധരിയെ, ഭാരതീയ ജനതാ പാര്‍ട്ടിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ മുദ്രാവാക്യം വിളിച്ചതിനാണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. ചൗധരിക്കെതിരെ എടുത്ത അഞ്ച് എഫ്.ഐ.ആറുകളില്‍ ഭൂരിഭാഗവും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിനാണ് എന്ന് ജസ്റ്റിസ് ജാംദാര്‍ ചൂണ്ടിക്കാട്ടി.
'ബിജെപി സര്‍ക്കാര്‍ മുര്‍ദാബാദ്', 'അമിത് ഷാ മുര്‍ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച മുന്‍കാല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് എന്തിനാണ് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. 'പൗരന്മാര്ക്ക് ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കഴിയില്ലേ? മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് എന്തിനാണ് നാടുകടത്തല്‍ ഉത്തരവുകള്‍? എല്ലാ പൗരന്മാരെയും ഇന്ത്യന്‍ സര്‍ക്കാരിന്റെ അടിമകളാക്കുകയാണോ... അവര്‍ക്ക് പ്രതിഷേധിക്കാനോ സമരം ചെയ്യാനോ കഴിയില്ലേ - എന്താണ് ഇതെല്ലാം?' ജസ്റ്റിസ് ജാംദാര്‍ നിരീക്ഷിച്ചു.
പൗരത്വ ഭേദഗതി നിയമം, ജ്ഞാന്‍വാപി മസ്ജിദ് വിഷയം തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തീരുമാനങ്ങള്‍ക്കെതിരെ ചൗധരി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹര്ജിക്കാരന് തന്റെ ഔദ്യോഗിക പദവിയില്‍ കേന്ദ്രത്തിന്റെ ചില തീരുമാനങ്ങള്‍ക്കെതിരെ മോര്‍ച്ചകളും ധര്‍ണ്ണകളും സംഘടിപ്പിച്ചിട്ടുണ്ട്. ഒരാളെ നാടുകടത്തുന്നതിന് അത് ഒരു കാരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. മുംബൈ പോലീസിന്റെ ഉത്തരവ് നിയമവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് ജസ്റ്റിസ് ജാംദാര്‍ വിശേഷിപ്പിച്ചു. പൗരന്മാര്ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ചെമ്പൂര് സോണ്‍-6) പുറപ്പെടുവിച്ച 2025 ഡിസംബര്‍ 3-ലെ നാടുകടത്തല്‍ ഉത്തരവിനെയാണ് ചൗധരി കോടതിയില്‍ ചോദ്യം ചെയ്തത്. 2019 നും 2024 നും ഇടയില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നതായി ഹര്ജിക്കാരന് വാദിച്ചു. എന്നാല്‍, ചൗധരിക്കെതിരെ എടുത്ത നടപടികള്‍ നിയമപ്രകാരമാണെന്ന് പ്രൊസിക്യൂഷന് വാദിച്ചു. അനുമതി നിഷേധിച്ചതിന് ശേഷവും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതായും പ്രൊസിക്യൂഷന് കോടതിയെ അറിയിച്ചു.






