
ന്യൂഡൽഹി: തന്റെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിയ ഗോയലിന് തന്റെ ക്രൂരകൃത്യത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ആദ്യഘട്ടത്തിൽ കൊക്കയിലേക്ക് വീണുള്ള സാധാരണ മരണമെന്ന് കരുതിയ സംഭവത്തിൽ പോലീസിനെ സംശയത്തിലാക്കിയതും സിയയുടെ ഈ ഭാവവ്യത്യാസമില്ലായ്മയായിരുന്നു. ഇതിന് പിന്നാലെ, ഇപ്പോൾ പോലീസ് അകമ്പടിയോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തടിച്ചു കൂടിയ മാധ്യമപ്രവർത്തകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചിരിക്കുകയാണ് സിയ.
പൂനെയിലെ മാർക്കറ്റ് യാർഡിലുള്ള സിയയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തിയ ശേഷം പോലീസ് ഇവരെ പുറത്തേക്ക് കൊണ്ടുപോകുന്ന വാർത്താ ഏജൻസിയുടെ 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എക്സിൽ പ്രചരിക്കുന്നുണ്ട്. കറുത്ത ടി-ഷർട്ടും മുഖം മറയ്ക്കാൻ പ്രിന്റഡ് സ്കാർഫും ധരിച്ച സിയ, തന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ നോക്കി നടുവിരൽ ഉയർത്തി അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷമാണ് ഉയരുന്നത്."യാതൊരു കുറ്റബോധവുമില്ലാത്ത കൊടും ക്രൂരത" എന്നാണ് പലരും സിയയുടെ പെരുമാറ്റത്തെക്കുറിച്ച് എക്സിൽ കുറിച്ചത്.
കഴിഞ്ഞ ജൂൺ 18-നാണ് മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്തുള്ള ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. കേതൻ കാൽ തെറ്റി വീണതാണെന്നായിരുന്നു സിയ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. എന്നാൽ പ്രതിശ്രുത വരൻ മരിച്ചിട്ടും സിയയുടെ പെരുമാറ്റത്തിൽ യാതൊരു സങ്കടവും തോന്നാത്തത് പോലീസിൽ സംശയമുണർത്തി. തുടർന്നുള്ള വിശദമായ അന്വേഷണത്തിനൊടുവിലാണ് സിയയും ചേതനും അറസ്റ്റിലായത്.
സിയയുടെയും കേതന്റെയും കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് ഉറപ്പിച്ച ഇവരുടെ ആഡംബര വിവാഹം വരും നവംബറിൽ നടക്കാനിരിക്കുകയായിരുന്നു. എന്നാൽ കേതനുമായുള്ള സിയയുടെ വിവാഹത്തിൽ ചേതന് താല്പര്യമില്ലായിരുന്നുവെന്നും കേതനെ ഒരു തടസ്സമായി കണ്ട ഇരുവരും ചേർന്ന് ഇയാളെ വകവരുത്താൻ ഗൂഢാലോചന നടത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു .
നേരത്തെ ജൂൺ 14-നും സിയ കേതനെ കോട്ടയിലേക്ക് കൊണ്ടുപോവുകയും കൊക്കയിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു കാട്ടുചെടിയിൽ പിടിച്ച് കേതൻ രക്ഷപ്പെട്ടു. ഈ സമയം തന്റെ ഭാഗം ന്യായീകരിക്കാനായി പാമ്പിനെ കണ്ടെന്ന് വ്യാജമായി നിലവിളിക്കുകയും കേതനെ കെട്ടിപ്പിടിച്ച് രംഗം ശാന്തമാക്കുകയുമാണ് സിയ ചെയ്തത്. പിന്നീട് വീണ്ടും കോട്ടയിലേക്ക് പോകാൻ കേതനെ നിർബന്ധിച്ച സിയ, ഇത്തവണ കാമുകനായ ചേതനെയും അങ്ങോട്ട് വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.






