
അമ്പലപ്പുഴ: കുറഞ്ഞദിവസം കൊണ്ട് കൈയക്ഷരത്തിലൂടെ വലിയ തുക സമ്പാദിക്കാമെന്ന പേരില്‍ വന്‍ തട്ടിപ്പ്. പോലീസില്‍ പരാതി നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ല. അമ്പലപ്പുഴ ചാണക്യബുക്ക് സെന്റര്‍ ഉടമ എന്‍.എസ് ജയകുമാറാണ് പരാതി നല്കി നടപടിക്കായി കാത്തിരിക്കുന്നത്.
ആലിയ ബുക്ക് ഫാത്തിമ അന്‍സാരി ഹാന്‍ഡ് റൈറ്റിങ് വര്‍ക്ക് എന്ന തലക്കെട്ടിലാണ് അമ്പലപ്പുഴ കച്ചേരിമുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന ചാണക്യ ബുക്ക് സെന്ററിന്റെ വിലാസം നല്കി ഈ തട്ടിപ്പ് നടക്കുന്നത്. ആറുമാസം മുന്‍പാണ് ഫെയ്സ് ബുക്ക്, ഇന്‍സ്റ്റ ഗ്രാം മുഖേനെ ഇത് പ്രചരിച്ചത്.
വീട്ടിലിരുന്ന് കൈയക്ഷരത്തിലുടെ കുറഞ്ഞദിവസംകൊണ്ട് കൂടുതല്‍ തുക സമ്പാദിക്കാമെന്ന അറിയിപ്പായിരുന്നു ഇതില്‍. രജിസ്ട്രേഷന് ഫീസായി 500 രൂപ ഈടാക്കിയ ശേഷം സാധനങ്ങളുടെയും കൊറിയര്‍ പേരിലും 5000 രൂപ വരെ ക്യൂ.ആര്. കോഡ് മുഖേന ഈടാക്കും. സോഫ്റ്റ് വെയര്‍ തകരാറിലായി ഇത്രയും തുക വീണ്ടും അടക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് പലരും തട്ടിപ്പിന് ഇരയായി എന്നറിയുന്നത്.
ചാറ്റിലൂടെയാണ് വിവരങ്ങള്‍ കൈമാറുന്നത്. തട്ടിപ്പിന് ഇരയായവര്‍ പിന്നീട് ഗൂഗിള്‍ മാപ്പില്നിന്ന് ചാണക്യ ബുക്ക് സെന്ററിലെ ഫോണ്‍ നമ്പരില്‍ അന്വേഷിച്ചപ്പോഴാണ് തങ്ങളുടെ സ്ഥാപനത്തിന്റെ പേരില്‍ ഈ തട്ടിപ്പ് നടന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ചാണക്യ ബുക്ക് സെന്റര്‍ ഉടമ എന്‍.എസ്. ജയകുമാര്‍ പറഞ്ഞു.
പിന്നീട് ഇതിനെതിരെ ആലപ്പുഴ സൈബര്‍ സെല്‍, അമ്പലപ്പുഴ പോലീസ് എന്നിവിടങ്ങളില്‍ പരാതി മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയെങ്കിലും വീണ്ടും സമാന തട്ടിപ്പ് തുടരുകയാണെന്ന് ഇദ്ദേഹം പറയുന്നു. കേന്ദ്ര ഗവ: അംഗീകൃത സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
നിരവധി പേര്‍ക്കാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഇതിന്റെ പേരില്‍ വലിയ തുക നഷ്ടപ്പെട്ടിരിക്കുന്നത്. കൂടുതലും വടക്കന്‍ ജില്ലകളിലെ സ്ത്രീകളാണ് ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത്. അടിയന്തരമായി പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തി ഈ തട്ടിപ്പ് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.






