
ടെഹ്റാൻ: അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട് നാല് മാസങ്ങൾക്ക് ശേഷം ഇറാന്റെ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ ഭൗതികശരീരം വൻ ജനകീയ പങ്കാളിത്തത്തോടെയുള്ള പൊതുദർശന ചടങ്ങുകൾക്കായി ടെഹ്റാനിൽ എത്തിച്ചു. ഇത്രയും കാലം മൃതദേഹം എവിടെ സൂക്ഷിച്ചു? സംസ്കാര ചടങ്ങുകൾ ഇത്രയും മാസങ്ങൾ വൈകിയതിന് പിന്നിലെ കാരണങ്ങൾ എന്താണ്? എന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഖമനയി കൊല്ലപ്പെടുന്നത്. ഖമനയിയുടെ മൃതദേഹം രഹസ്യമായി താൽക്കാലികമായി അടക്കം ചെയ്തിരിക്കുകയായിരുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും ഇറാൻ അധികൃതർ ഇത് ശക്തമായി നിഷേധിച്ചു. ഇസ്ലാം മതവിശ്വാസപ്രകാരം രാസവസ്തുക്കൾ ഉപയോഗിച്ച് മൃതദേഹം എംബാം ചെയ്യുന്നത് പൂർണ്ണമായും വിലക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ, കഴിഞ്ഞ നാല് മാസമായി ഖമനയിയുടെ ഭൗതികശരീരം പ്രത്യേക കോൾഡ് സ്റ്റോറേജിൽ കണിശമായ മതനിയമങ്ങൾ പാലിച്ചുകൊണ്ട് സൂക്ഷിക്കുകയായിരുന്നു എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
അടിയന്തിര സാഹചര്യങ്ങളിലും യുദ്ധകാലത്തും മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കുന്നതിനും സംസ്കാരം വൈകുന്നതിനും ഷിയാ മതനിയമങ്ങളിൽ പ്രത്യേക ഇളവുകളുണ്ടെന്ന് കൗണ്ടർ ടെററിസം വിദഗ്ദ്ധൻ ഡോ. മുഹമ്മദ് ഒമർ വ്യക്തമാക്കുന്നു. ഇറാന്റെ ഫോറൻസിക് മോർച്ചറികളയിൽ മാസങ്ങളോളം മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമിക സംസ്കാരത്തിൽ മരണാനന്തര ചടങ്ങുകൾ എത്രയും വേഗം നടത്തണമെന്നാണ് നിയമമെങ്കിലും, ഖമനയിയുടെ കാര്യത്തിൽ നാല് മാസത്തെ കാലതാമസമാണ് ഉണ്ടായത്. അമേരിക്കയും ഇസ്രായേലുമായി രാജ്യം കടുത്ത യുദ്ധത്തിലായിരുന്ന സാഹചര്യത്തിലെ സുരക്ഷാ ഭീഷണികളാണ് ഇതിന് കാരണമായി ഇറാൻ ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഔദ്യോഗിക ദുഃഖാചരണങ്ങൾക്കും സംസ്കാര ചടങ്ങുകൾക്കുമാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇറാന്റെയും ഇറാഖിലെയും അഞ്ചോളം നഗരങ്ങളിലായി വിപുലമായ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന പ്രധാന ചടങ്ങിൽ കോടിക്കണക്കിന് ജനങ്ങളും വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിതയും ചടങ്ങിൽ പങ്കാളികളാകും. ജൂലൈ 9-ന് ഖമനയിയുടെ ജന്മസ്ഥലമായ മഷ്ഹദിലെ ഇമാം റിസാ മസ്ജിദിൽ ഭൗതികശരീരം ഖബറടക്കും.






