
ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് മുന്നോടിയായി ഫ്രാൻസും സ്പെയിനും തമ്മിലുള്ള വാക്കുപോരും ശ്രദ്ധ നേടുന്നു. ഫ്രാൻസിനെക്കുറിച്ച് സ്പെയിൻ യുവതാരം ലമീൻ യമാൽ നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഫ്രഞ്ച് പ്രതിരോധതാരവും ബാഴ്സലോണയിൽ യമാലിന്റെ സഹതാരവുമായ ജുവൽസ് കൂണ്ടെ പ്രതികരിച്ചു. യമാലിന്റെ അഭിപ്രായം തന്നെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് കൂണ്ടെ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം യമാൽ, ഫ്രാൻസ് സ്പെയിനേക്കാൾ മികച്ച ടീമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. യൂറോപ്യൻ ചാംപ്യൻഷിപ്പിന് ശേഷം ഫ്രാൻസിന് സ്പെയിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ലോകകപ്പിൽ ഒരു ടീമിനെയും ഫേവറിറ്റായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓരോ ടൂർണമെന്റിലും കിരീടം നേടുമെന്ന ആത്മവിശ്വാസത്തോടെയാണ് താൻ ഇറങ്ങുന്നതെന്നും ഇത്തവണയും അതേ വിശ്വാസമാണുള്ളതെന്നും യമാൽ കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ് കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾക്ക് നോക്കൗട്ട് ഘട്ടത്തിൽ വലിയ പ്രസക്തിയില്ലെന്നും യമാൽ അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് മത്സരങ്ങളുടെ ഫലങ്ങൾ ഇനി നിർണായകമല്ലെന്നും ഈ ഘട്ടത്തിൽ ഏതൊരു ടീമിനും മറ്റേതൊരു ടീമിനെ തോൽപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.






