
കൊച്ചി: കെഎസ്ആർടിസിയിലെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര അനുവദിച്ച സർക്കാർ പദ്ധതിക്ക് പിന്നാലെ, പുരുഷന്മാർക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ സ്വകാര്യ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. എറണാകുളം–മാഞ്ഞാലി–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' ബസിനാണ് പെർമിറ്റ് വ്യവസ്ഥകൾ പാലിക്കാത്തതായി കണ്ടെത്തി 7,500 രൂപ പിഴ ചുമത്തിയത്.
സർക്കാർ നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായാണ് ബസ് ഉടമ പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. ഈ നടപടി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയ്ക്കും ശ്രദ്ധയ്ക്കും ഇടയാക്കിയിരുന്നു.
എന്നാൽ സൗജന്യ യാത്ര മൂലം വരുമാനം ഗണ്യമായി കുറഞ്ഞതോടെ ബസ് സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് 2.30-നുള്ള സർവീസ് താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നതായി ബസ് ഉടമ വ്യക്തമാക്കി.റൂട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് സർവീസ് മുടങ്ങാൻ കാരണമെന്നും ഇത് എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും, എന്നിട്ടും പിഴ ഒഴിവാക്കിയില്ലെന്നും ബസ് ഉടമ ആരോപിച്ചു.
അതേസമയം, ഉച്ചസമയത്തെ സർവീസ് നടത്താത്തതിനെതിരെ യാത്രക്കാരിൽ നിന്ന് ഓൺലൈൻ പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും, പെർമിറ്റ് നിബന്ധനകൾ ലംഘിച്ചതായി കണ്ടെത്തിയതിനാലാണ് നിയമാനുസൃതമായി പിഴ ചുമത്തിയതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.






