
ഭോപ്പാൽ: നിയമപരമായും സാമൂഹികമായും വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാവുന്ന ഒരു വിധിന്യായത്തിൽ, മധ്യപ്രദേശ് ഹൈക്കോടതി ഒരു പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഏഴു വർഷത്തെ കഠിനതടവായി കുറച്ചിരിക്കുകയാണ്. "നിന്നെപ്പോലെ ആയിരം ഭർത്താക്കന്മാരെ എനിക്ക് വെക്കാൻ കഴിയും" എന്ന ഭാര്യയുടെ പരാമർശം, ഭർത്താവിന്റെ ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഗുരുതരവും പെട്ടെന്നുള്ളതുമായ പ്രകോപനത്തിന് കാരണമായതായി വിലയിരുത്തിയാണ് കോടതി ശിക്ഷ ഇളവ് നൽകിയത്.
തന്റെ ഗർഭിണിയായ ഭാര്യ കിരണിനെ കൊലപ്പെടുത്തിയ കേസിൽ ചിന്ദ്വാര വിചാരണ കോടതി ജീവപര്യന്തം ശിക്ഷിച്ച ശിവ എന്നയാൾ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് വിവേക് അഗർവാൾ, ജസ്റ്റിസ് അവനീന്ദ്ര കുമാർ സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഭാഗികമായി അനുവദിക്കുകയായിരുന്നു. 2021 ജൂലൈയിൽ കുൽബഹേരി നദിക്കരയിൽ വെച്ച് ഭാര്യയെ കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയതിനാണ് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ, ഈ കൊലപാതകം നരഹത്യ തന്നെയണെന്നതിൽ തർക്കമില്ലെങ്കിലും, ജീവപര്യന്തം ശിക്ഷ നിലനിർത്താൻ തക്കതായ വസ്തുതകൾ ഇതിലില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്ന് കോടതി തടവുശിക്ഷ ഏഴു വർഷമായി കുറയ്ക്കുകയും ചെയ്തു.
ഒരു ഭാര്യ തന്റെ ഭർത്താവിനോട് "നിന്നെപ്പോലെ ആയിരം ഭർത്താക്കന്മാരെ എനിക്ക് വെക്കാൻ കഴിയും" എന്ന് പറയുന്നത് ഭർത്താവിന്റെ വിലയില്ലായ്മയെ പരോക്ഷമായി സൂചിപ്പിക്കുന്നതിന് തുല്യമാണെന്ന നിർണായക നിരീക്ഷണം ഹൈക്കോടതി നടത്തി. ഇത്തരമൊരു പ്രസ്താവനയിലൂടെ "അയാൾക്ക് ഒരു മനുഷ്യനെന്ന നിലയിലോ ഭർത്താവെന്ന നിലയിലോ യാതൊരു മൂല്യവുമില്ല" എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ ഈ കേസിന്റെ സാഹചര്യത്തിൽ ഇത് ഗുരുതരവും പെട്ടെന്നുള്ളതുമായ പ്രകോപനമായി കണക്കാക്കാമെന്ന് ജഡ്ജിമാർ വിലയിരുത്തി. ഭർത്താവിന്റെ ക്രൂരമായ പ്രവൃത്തി കിരണിന്റെ മരണത്തിന് കാരണമായെങ്കിലും, ശിക്ഷ ഏഴു വർഷത്തെ കഠിനതടവായും ആയിരം രൂപ പിഴയായും കുറച്ചു.
പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത് അനുസരിച്ച്, സംഭവത്തിന് തൊട്ടുപിന്നാലെ ശിവ തന്നെ കിരണിന്റെ ബന്ധുക്കളെ ഫോണിൽ വിളിച്ച് താൻ അവളെ കൊലപ്പെടുത്തിയതായി സമ്മതിച്ചിരുന്നു. ഇതിനുള്ള കാരണം ചോദിച്ചപ്പോൾ, "നിന്നെപ്പോലെ ആയിരം ഭർത്താക്കന്മാരെ എനിക്ക് കിട്ടും" എന്ന് കിരൺ തന്നോട് പറഞ്ഞതായും, ഇത് തന്നെ അങ്ങേയറ്റം പ്രകോപിപ്പിച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് ആക്രമിക്കുകയായിരുന്നു എന്നുമാണ് ഇയാൾ പറഞ്ഞത്. ശിവ തന്നെയായിരുന്നു പോലീസിനെയും ഈ വിവരം അറിയിച്ചത്.
മരണസമയത്ത് കിരൺ ഏഴുമാസം ഗർഭിണിയായിരുന്നുവെന്ന് കോടതിക്ക് മുന്നിലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. കിരണിന്റെ മുഖത്തും വാരിയെല്ലുകളിലും നെഞ്ചെല്ലിലും ഗുരുതരമായ പരിക്കേറ്റതായും പ്രധാന അവയവങ്ങൾക്കേറ്റ പരിക്കുകൾ മൂലം ഹൃദയസ്തംഭനവും ശ്വാസതടസ്സവും ഉണ്ടായതാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അന്വേഷണസംഘം കണ്ടെടുത്ത കല്ലുകൊണ്ട് തന്നെയാണ് ഈ പരിക്കുകൾ സംഭവിച്ചതെന്ന് ഡോക്ടറും അഭിപ്രായപ്പെട്ടിരുന്നു. കിരണിന്റെ മരണത്തിന് ഉത്തരവാദി ശിവ തന്നെയാണെന്ന് സ്ഥിരീകരിക്കുമ്പോൾ തന്നെ, അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങൾക്ക് ഹൈക്കോടതി വലിയ പ്രാധാന്യം നൽകി.
പ്രതിക്ക് മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു കൊലപാതകം നടത്താൻ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ, കൃത്യത്തിന് ശേഷം പോലീസിനെയും ഇരയുടെ ബന്ധുക്കളെയും ആദ്യം വിവരമറിയിക്കുന്നത് പ്രതിയായിരിക്കില്ല എന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സംഭവം പെട്ടെന്നുണ്ടായതാണെന്നും മുൻകൂട്ടിയുള്ള ആസൂത്രണം ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തിന് ഉപയോഗിച്ച കല്ല് സംഭവസ്ഥലത്ത് കിടന്നിരുന്നതാണെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. കൂടാതെ, കല്ലുകൊണ്ട് ആവർത്തിച്ച് ആക്രമിച്ചതായി തെളിവുകൾ വ്യക്തമാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു കല്ല് മാത്രമാണ് കണ്ടെടുത്തു ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. ശരീരത്തിലുണ്ടായ ചില പരിക്കുകൾ സംഭവം നടന്ന പാറക്കെട്ടുകൾ നിറഞ്ഞ നദീതീരത്ത് വീണതുകൊണ്ട് സംഭവിച്ചതാകാനും സാധ്യതയുണ്ട്.
ഗുരുതരവും പെട്ടെന്നുള്ളതുമായ പ്രകോപനത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 300-ന്റെ എക്സെപ്ഷൻ 1 ആധാരമാക്കിയാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്. പ്രതിക്കോ കുടുംബാംഗങ്ങൾക്കോ എതിരെ നടത്തുന്ന അധിക്ഷേപകരമായ പരാമർശങ്ങൾ ഒരാളുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുത്താൻ കാരണമാകുന്ന സാഹചര്യങ്ങളായി കണക്കാക്കാമെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും ബെഞ്ച് ഇതിനായി ചൂണ്ടിക്കാണിച്ചു.






