
തൃശ്ശൂര്‍: കഴിഞ്ഞ ദിവസം നെടുപുഴ കരിമ്പറ്റ കോള്‍പ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. അഞ്ചുപേരായിരുന്നു അപകടത്തയില് പെട്ടതെങ്കിലും മൂന്ന് പേര് നീന്തി രക്ഷപ്പെട്ടിരുന്നു.
രാവിലെ നടത്തിയ തിരച്ചിലില്‍ കല്ലൂര്‍ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് ടീമും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് ശക്തമായ മഴ പെയ്തതും വെളിച്ചക്കുറവും തടസ്സമായി. നിര്‍ത്തിവെച്ച തെരച്ചില്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കോള്‍ പാട്ടത്തിനെടുത്ത സുനില്‍ ഉള്‍പ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിനു നടുവില്‍വെച്ച് ബോട്ട് മുങ്ങുകയായിരുന്നു. തൊഴിലാളികളായ നിഷാദ് അറയ്ക്കല്‍ മാളിയേക്കല്‍ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവരാണ് നീന്തി കരയിലെത്തിയത്. സംഘത്തിലെ മൂന്നാമന് ചാഴൂര്‍ സ്വദേശി സുനിലിനെ പടവില്‍ തളര്‍ന്നുകിടക്കുന്ന നിലയില്‍ തിരച്ചില്‍ സംഘം കണ്ടെത്തി.
മരിച്ചവരെ പരിചയം ഇല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നെകോളില്‍ വളര്‍ത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ മൂന്നു മണിക്കൂറോളമാണ് വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട ടീം തിരച്ചില്‍ നടത്തിയത്. ഒടുവില്‍ അവസാനിപ്പിച്ച് ഇന്നുരാവിലെ തിരച്ചില്‍ വീണ്ടും തുടങ്ങുകയായിരുന്നു.






