
കൊച്ചി: അമ്മയിലെ അംഗങ്ങളെ സ്ഥാനാര്‍ത്ഥികളായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം നടി ശ്വേതാമേനോന് എന്തുകൊണ്ട് നിഷേധിച്ചില്ലെന്ന് അമ്മയില്‍ നിന്നും പുറത്തുപോയ നടിമാര്‍. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടി ശ്വേതാമേനോനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത് നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ്. കൊച്ചിയിലെ വാര്‍ത്താസമ്മേളനത്തിലായിരുന്നു രൂക്ഷ വിമര്‍ശനം.
ഈ ആരോപണം തെറ്റായിരുന്നെങ്കില്‍ ശ്വേതയ്ക്ക് അവിടെ മറുപടി പറയാമായിരുന്നു. ബിജെപിയില്‍ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നാണ് ബാബുരാജ് പറഞ്ഞത്. അദാനിയുടെ പതിനഞ്ച് കോടി രൂപ അമ്മയ്ക്ക് കിട്ടാനിരിക്കുകയാണെന്ന് ബിജെപി നേതാവായ പത്മജ എസ് മേനോന് പറഞ്ഞു. ശ്വേത ഇടപെട്ട് പണം കിട്ടുമെന്നാണ് അവര്‍ പറഞ്ഞത്. കോര്‍പ്പറേറ്റുകളുടെ പതിനഞ്ച് കോടി അമ്മയ്ക്ക് വേണ്ട. അമ്മയില്‍ അംഗമല്ലാത്ത ബിജെപി നേതാവ് ഇക്കാര്യം എങ്ങനെ പറയുന്നുവെന്നും മാല പാര്‍വതി ചോദിച്ചു.
ദല്ലാള്‍ നന്ദകുമാറുമായുള്ള കരാറില്‍ ഒരു കോടിയായിരുന്നു ആദ്യം പറഞ്ഞത്. കരാറായപ്പോള്‍ അത് 75 ലക്ഷമായി. 25 ലക്ഷം എവിടെപ്പോയി എന്ന് അറിയില്ലെന്നും അന്‍സിബ പറഞ്ഞു. സാമ്പത്തിക ആരോപണം നേരിടുന്നവരെ എങ്ങനെ അഡ്ഹോക്ക് കമ്മറ്റിയായി തുടരാന്‍ അനുവദിക്കുമെന്ന് അന്‍സിബ ചോദിച്ചു.
മോഹന്‍ലാല്‍ പ്രസിഡന്റായ കമ്മിറ്റി അഡ്ഹോക് കമ്മിറ്റി പ്രവര്‍ത്തിച്ചു. അത് ജനറല്‍ ബോഡി ചേരാനുള്ള പ്രതിസന്ധി പരിഗണിച്ചാണ് അന്ന് തീരുമാനം ഉണ്ടായത്. ആ കമ്മിറ്റിക്കുമേല്‍ സാമ്പത്തിക ആരോപണം ഉന്നയിക്കപ്പെട്ടിരുന്നില്ല. ജനറല്‍ബോഡി അംഗീകരിക്കാത്ത കണക്കും സാമ്പത്തീക വെട്ടിപ്പ് ആരോപിക്കപ്പെടുന്നതുമായ കമ്മറ്റിയെ എങ്ങിനെ അഡ്ഹോക്ക് കമ്മറ്റിയായി തുടരാന്‍ അനുവദിക്കുമെന്നും ചോദിച്ചു.
താരസംഘടനയില്‍ വ്യക്തിഹത്യയ്ക്ക് ഇരയായെന്നും നടിമാര്‍ പറഞ്ഞു. അന്‍സിബയെ തുടക്കം മുതല്‍ എങ്ങിനെ ഒറ്റപ്പെടുത്തി അപമാനിക്കാമെന്ന ആലോചനയാണ്. അനൂപ്ചന്ദ്രന്‍ അന്‍സിബയെ അപകീര്‍ത്തി വീഡിയോ തയ്യാറാക്കി. അതിനെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ കണക്കായിപ്പോയി എന്നായിരുന്നു ശ്വേത പ്രതികരിച്ചത്. കുറുക്കുവഴിയിലൂടെ നേതൃത്വത്തില്‍ എത്തിയ ആളാണ് ശ്വേതാ മേനോന്. അന്‍സിബക്കെതിരെ ശ്വേത മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഉഷ ഹസീന പറഞ്ഞു.
നാല് പേരെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചു എന്ന് ശ്വേത പറഞ്ഞു. ഇക്കാര്യം താന്‍ പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞു. ജനറല്‍ ബോഡിയില്‍ ശ്വേത ഒരു ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞില്ല. സംശയം ഉണ്ടാക്കും വിധം ക്ഷോഭിച്ചാണ് പ്രതികരിച്ചത്. ജനറല്‍ ബോഡിയില്‍ ശ്വേത അഭിനയിക്കുകയായിരുന്നു. രമേഷ് പിഷാരടിയും ശ്വേതയും തമ്മിലുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് ക്രൈമാണ്. ശ്വേതയുടെ പറയുന്ന പല ഭാഗങ്ങളും മ്യൂട്ട് ചെയ്താണ് പുറത്തുവിട്ടത്.
രാഷ്ട്രീയത്തോട് അയിത്തമില്ല. എന്നാല്‍ വര്‍ഗീയവല്‍ക്കരണം ശരിയല്ല. വര്‍ഗീയവല്‍ക്കരണ ശ്രമങ്ങളെ മുളയിലേ നുള്ളാന്‍ ശ്രമിച്ചതായും മാലാ പാര്‍വതി പറഞ്ഞു. ആരോപണ വിധേയരെ സംരക്ഷിക്കാനാണോ പൊലീസ് സ്റ്റേഷനെന്നും അന്‍സിബ ചോദിച്ചു. കോടതിയില്‍ നിന്ന് മാത്രമാണ് നീതി കിട്ടുന്നതെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചിരുന്നു. എന്നിട്ടും എഫ്ഐആര്‍ ഇടാന്‍ പൊലീസ് തയ്യാറായില്ല. ഓപ്പറേഷന് തൂഫാനൊപ്പം ഇക്കാര്യവും അന്വേഷിക്കണമെന്നു പറഞ്ഞു. വിളിച്ചുപറഞ്ഞാല്‍ കേള്‍ക്കാത്ത പൊലീസ് ആണോ ഇവിടെയുള്ളത് എന്നതില്‍ അത്ഭുതമാണ്. പരാതികളില്‍ നടപടിയെടുക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്‍സിബ പറഞ്ഞു.






