
പത്തനംതിട്ട: സ്വന്തം പിതാവില്‍ നിന്നും ലൈംഗികപീഡനത്തിന് ഇരയായെന്ന് ആരോപിച്ച് 16 കാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടി സ്കൂള്‍ കൗണ്‍സിലിംഗിന് ഇടയിലാണ് വിവരം നല്‍കിയത്. പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
എട്ടാംക്ലാസ്സ് മുതല്‍ പിതാവ് തന്നെ പീഡിപ്പിക്കുന്നതായിട്ടാണ് കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ മാതാവ് മരണപ്പെട്ട ശേഷമായിരുന്നു പിതാവ് പീഡനം തുടങ്ങിയത്. ഇവര്‍ കുടുംബസമേതം വിദേശത്തായിരുന്നു. മാതാവ് പിന്നീട് ഗുരുതരമായ രോഗം ബാധിച്ച് മരണപ്പെട്ടു പോകുകയായിരുന്നു. വിദേശത്ത് വെച്ചായിരുന്നു ആദ്യം പീഡിപ്പിച്ചത്. മാതാവിന്റെ മരണശേഷം നാട്ടില്‍ എത്തിയ ശേഷവും പീഡനം തുടര്‍ന്നു.
49 കാരനായ പിതാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊല്ലം ജില്ലയിലാണ് പെണ്‍കുട്ടി പഠിക്കുന്നതെങ്കിലും സ്വദേശം പത്തനംതിട്ട ജില്ലയില്‍ ആയതിനാലാണ് ഇവിടെ കേസെടുത്തിരിക്കുന്നത്. പത്തനംതിട്ടയില്‍ തന്നെ സ്കൂളിലെ കൗണ്‍സിലിംഗിനിടെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി 13കാരിയും വെളിപ്പെടുത്തിയിട്ടുണ്ട്. സ്കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി പറയുന്നത്.
സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അഞ്ച് പേര് തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആറാമത്തെയാളുടെ വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നാണ് മൊഴി. കൗണ്‍സിലിംഗിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സംഭവം അറിയിച്ചു. കുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു.






