
ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ വിലാപയാത്ര ചടങ്ങുകളിൽ മകൻ മൊജ്തബ ഖമനേയിയുടെ അസാന്നിധ്യം വലിയ ചർച്ചയാകുന്നു. മൊജ്തബയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അതല്ല, മാസങ്ങൾക്കു മുമ്പു തന്നെ അദ്ദേഹം കൊല്ലപ്പെട്ടു എന്നുമുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിന് ഈ അസാന്നിധ്യം കാരണമായിരിക്കുന്നു.
സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം വിലാപയാത്രയിൽ പങ്കെടുക്കാത്തതെന്നാണ് ഇറാൻ അധികൃതർ പറയുന്നത്. എന്നാൽ, യുദ്ധം ആരംഭിച്ച ശേഷം മൊജ്തബയെ പൊതുവേദികളിൽ കാണാത്തത് നേരത്തെ തന്നെ അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണമായിരുന്നു. പിതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മൊജ്തബയ്ക്ക് ഗുരുതര പരിക്കേറ്റുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ചലനമില്ലാത്ത അവസ്ഥയിലാണ് അദ്ദേഹമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു.
ഇറാന്റെ ചരിത്രത്തെ തന്നെ മാറ്റിയ ആക്രമണത്തിനു ശേഷം മൊജ്തബയെ പൊതുവേദികളിൽ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങൾ പോലും ഇറാൻ അനുകൂല മാധ്യമങ്ങളുടെ കൈവശമില്ല എന്നതും അദ്ദേഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ശക്തിപകരുന്നു. എന്നാൽ അസാധരണമായ സുരക്ഷാ സാഹചര്യം നിലനിൽക്കുന്നതിനാലാണ് മൊജ്തബ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് ഇറാൻ സർക്കാർ നൽകുന്ന വിശദീകരണം. പൊതുവേദിയിൽ മൊജ്തബയെ ശത്രുക്കൾ ലക്ഷ്യമിടുമെന്നാണ് ടെഃറാന്റെ ഭയപ്പാട്.
എന്തായാലും മൊജ്തബ കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ല. അദ്ദേഹത്തെ രാജ്യത്തിന്റെ പരമോന്നത നേതാവായി തന്നെയാണ് ഇപ്പോഴും വിശേഷിപ്പിക്കുന്നത്. ഇസ്രയേലിന്റെ ഭീഷണിയാണ് മൊജ്തബ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരിക്കാനുള്ള പ്രധാന കാരണമായി ഇറാൻ എടുത്തുകാട്ടുന്നത്.






