
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചത്. അമ്മയുടെ വിയോഗം റോബിന് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. അമ്മയുടെ ഫോട്ടോ പങ്കുവച്ച് അമ്മ പോയി എന്നായിരുന്നു അദ്ദേഹം കുറിച്ചത്. അമ്മയ്ക്ക് കാന്‍സറായിരുന്നു എന്ന് മറ്റൊരു പോസ്റ്റില്‍ റോബിന് വിശദീകരിച്ചു.
2026 മാര്‍ച്ചിലായിരുന്നു അമ്മയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ആശുപത്രി സന്ദര്‍ശനവും, ചികിത്സയുമൊക്കെയായി അസുഖത്തെ നേരിടുകയായിരുന്നു അവര്‍. അങ്ങേയറ്റം പോസിറ്റീവായാണ് അമ്മ ഓരോന്നിനെയും നേരിട്ടതെന്ന് റോബിന് പറഞ്ഞിരുന്നു.
ധൈര്യം എന്താണെന്ന് ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു അമ്മ. ഭയം എന്നൊരു കാര്യമേ അമ്മയില്‍ കണ്ടിട്ടില്ല. ജൂലൈ മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് അമ്മ ഞങ്ങളെ വിട്ടുപോയത്. അമ്മയുടെ ശരീരത്തെ മാത്രമേ കാന്‍സര്‍ ബാധിച്ചിരുന്നുള്ളൂ. ആ സ്നേഹവും, കെയറും അതുപോലെ ആ മനസിലുണ്ടായിരുന്നുവെന്നും റോബിന് കുറിച്ചിരുന്നു.
ഇപ്പോള്‍ റോബിന്റെ ഭാര്യയും നടിയുമായ ആരതി പൊടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റും ശ്രദ്ധേയമാവുകയാണ്. അമ്മ മറ്റൊരിടത്ത് പുനര്‍ജനിക്കുമെന്നായിരുന്നു ആരതി പൊടി കുറിച്ചത്. അമ്മയോടൊപ്പമുള്ള നല്ല നിമിഷങ്ങളുടെ വീഡിയോയും ആരതി പങ്കുവെച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസണ് 4-ല്‍ മത്സരാര്‍ത്ഥിയായി എത്തി മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ഡോ. റോബിന് രാധാകൃഷ്ണന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു താരം.






