
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി പാർട്ടി പശ്ചിമ ബംഗാൾ സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ ശനിയാഴ്ച പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും രാജി വെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സുബ്രത ബക്ഷിക്ക് പകരമാണ് ചന്ദ്രിമ സംസ്ഥാന അധ്യക്ഷയായി ചുമതലയേറ്റത്. മമത ബാനർജിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായാണ് ഇവർ ദീർഘകാലമായി കണക്കാക്കപ്പെട്ടിരുന്നത്.
പാർട്ടി അധ്യക്ഷ പദവിയും മറ്റ് എല്ലാ ചുമതലകളും ഒഴിയുന്നതായി വ്യക്തമാക്കിയ അവർ, ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള പാർട്ടിയുടെ ഔദ്യോഗിക ഒപ്പുകാരൻ എന്ന പദവിയിൽ നിന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ള പാർട്ടിയുടെ പ്രതിനിധി സ്ഥാനത്തു നിന്നും സ്വയം പിൻവാങ്ങുന്നതായും രാജിക്കത്തിൽ അറിയിച്ചു. മമത ബാനർജിയോട് വ്യക്തിപരമായി എപ്പോഴും ആദരവുണ്ടായിരിക്കുമെന്നും കത്തിന്റെ അവസാനം അവർ കൂട്ടിച്ചേർത്തു.
രാജിക്കത്ത് നൽകിയതിന് തൊട്ടുപിന്നാലെ, ബംഗാൾ നിയമസഭയിൽ വെച്ച് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായി ചന്ദ്രിമ കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാവ് ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി മമത നിർദ്ദേശിച്ചിരുന്നെങ്കിലും, ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയോടെ റിതബ്രത ബാനർജി ഈ പദവിയിലെത്തിയിരുന്നു. സംസ്ഥാന അധ്യക്ഷ കൂടിയായ ചന്ദ്രിമ വിമതർക്കൊപ്പം ചേർന്നത് തൃണമൂൽ കോൺഗ്രസിനെ വലിയൊരു ആഭ്യന്തര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.






