
ന്യൂഡൽഹി: ടെലിഗ്രാം പ്ലാറ്റ്ഫോമിലൂടെ സിനിമകളും ഒ.ടി.ടി. ഉള്ളടക്കങ്ങളും ഉൾപ്പെടെയുള്ള പകർപ്പവകാശ സംരക്ഷിത ദൃശ്യ-ശ്രവ്യ ഉള്ളടക്കങ്ങൾ അനധികൃതമായി പ്രചരിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നടപടി ശക്തമാക്കി. ഇത്തരം പൈറസി തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം ടെലിഗ്രാമിന് നോട്ടീസ് നൽകി.
പൈറസി തടയാനുള്ള ഉത്തരവാദിത്തം പ്ലാറ്റ്ഫോമുകൾക്കുണ്ടെന്നും സർക്കാർ ഓരോ ചാനലിനെയും പ്രത്യേകം ചൂണ്ടിക്കാട്ടി പരാതി നൽകുന്നതിന് കാത്തിരിക്കാതെ സ്വമേധയാ ഇടപെടണമെന്നും മന്ത്രാലയം നിർദേശിച്ചു. സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാരിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ മാത്രം നടപടി സ്വീകരിക്കുന്നത് മതിയായ സമീപനമല്ലെന്ന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഐ.ടി. നിയമം, 2000, ഐ.ടി. ചട്ടങ്ങൾ, 2021 എന്നിവ പ്രകാരം ഒരു മധ്യസ്ഥ പ്ലാറ്റ്ഫോം എന്ന നിലയിൽ ടെലിഗ്രാമിന് നിർവഹിക്കേണ്ട നിയമപരമായ ബാധ്യതകളുണ്ടെന്നും 'ഡ്യൂ ഡിലിജൻസ്' പാലിക്കുന്നതിൽ വീഴ്ച വരരുതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.പകർപ്പവകാശ ലംഘനം ഒരു സിവിൽ തർക്കം മാത്രമല്ലെന്നും, 1957ലെ പകർപ്പവകാശ നിയമവും 1952ലെ സിനിമാറ്റോഗ്രാഫ് നിയമവും അനുസരിച്ച് അത് ക്രിമിനൽ കുറ്റമാണെന്നും മന്ത്രാലയം നോട്ടീസിൽ ഓർമ്മിപ്പിച്ചു.






