
ശ്രീനഗർ: കശ്മീരിലെ ഇന്ത്യ-പാക് അതിർത്തി കഴിഞ്ഞ ദിവസം ഒരു സോഷ്യൽമീഡിയ പ്രണയത്തിന്റെ ക്ലൈമാക്സിനു സക്ഷ്യംവഹിച്ചു. സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ പ്രണയം തലയ്ക്കുപിടിച്ചപ്പോൾ ഒരു യുവാവ് അതിർത്തി കടന്ന് ഇന്ത്യയിലെ പ്രണയിനിയെ കാണാനെത്തി. ജയിൽ ശിക്ഷ ലഭിച്ചാലും നേരിടാനുറച്ച് പാക് അധീന കശ്മീരിൽ നിന്നുള്ള സീഷാൻ മിർ എന്ന 22 കാരനാണ് ഈ സാഹസത്തിനു മുതിർന്നത്. എന്നാൽ ഒടുവിൽ ഇന്ത്യൻ സൈന്യം യുവാവിനെ സുരക്ഷിതമായി പാകിസ്താന് തന്നെ കൈമാറി.
തന്റെ പ്രണയിനിയെ കാണാനും കുടുംബത്തിന്റെ പഴയ സ്വത്ത് സ്വന്തമാക്കാനുമായി കഴിഞ്ഞ മെയ് മാസത്തിൽ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ യുവാവിനെ സൈന്യം പിടികൂടുകയായിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും ജോലി കണ്ടെത്താനുള്ള സമ്മർദ്ദവും കാരണം മിർ മാനസികമായി തകർന്നിരിക്കുന്ന സമയത്താണ് ബാരാമുള്ളയിലെ തുൽവാരി ഗ്രാമവാസിയായ ഇരും ബാനോ എന്ന യുവതിയെ സ്നാപ്ചാറ്റിലൂടെപരിചയപ്പെടുന്നത്. സൗഹൃദം പെട്ടെന്ന് തന്നെ തീവ്രമായ പ്രണയമായി മാറി.
സംസാരിക്കുന്നതിനിടയിലാണ് ഇരും ബാനോ താമസിക്കുന്ന അതേ ഗ്രാമത്തിലാണ് മിറിന്റെ പൂർവികർ പണ്ട് ജീവിച്ചിരുന്നതെന്ന രസകരമായ വസ്തുത ഇരുവരും തിരിച്ചറിയുന്നത്. മിറിന്റെ സങ്കടങ്ങൾ കേട്ട കാമുകി ഒരു ഐഡിയ മുന്നോട്ട് വെച്ചു: "അതിർത്തി കടന്ന് ഇങ്ങോട്ട് പോരുക!" തുടർന്ന് ഇരുവരും ചേർന്ന് തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് മിർ അതിർത്തി കടന്നത്. അതിർത്തി കടന്ന് ഇന്ത്യൻ സൈന്യത്തിനു കീഴടങ്ങുകയും അതിനുള്ള ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തശേഷം പൂർവികരുടെ സ്വത്തിന്മേൽ നിയമപരമായി അവകാശവാദം ഉന്നയിച്ച് അവിടെത്തന്നെ സ്ഥിരതാമസമാക്കുന്നതിനായിരുന്നു പദ്ധതിയിട്ടത്.
എന്നാൽ കഴിഞ്ഞ മെയ് 31-ന് ഉറി സെക്ടറിലൂടെ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ സൈന്യം മിറിനെ പിടികൂടി. ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കാൻ സൈന്യം കാമുകിയായ ഇരും ബാനോയെ വിളിച്ചുവരുത്തി. മിറിനെ ഇന്ത്യയിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് യുവതി അധികൃതരോട് കണ്ണീരോടെ അപേക്ഷിച്ചതായാണ് വിവരം.
ഇതിനെ തുടർന്ന് മറ്റ് സുരക്ഷാ ഏജൻസികൾ ഉൾപ്പെടെ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുകയും ഇതിന് പിന്നിൽ മറ്റ് അട്ടിമറികളോ ചാരവൃത്തിയോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ശനിയാഴ്ച കമാൻ അമൻ സേതുവിൽ വെച്ച് മിറിനെ ഔദ്യോഗികമായി പാക് സൈന്യത്തിന് കൈമാറിയതായി ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സ് അറിയിച്ചു. ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ യുവാവിനോട് മാനുഷിക പരിഗണനയോടെയും ബഹുമാനത്തോടെയുമാണ് സൈന്യം പെരുമാറിയതെന്നും അധികൃതർ വ്യക്തമാക്കി.
പ്രണയത്തിന് വേണ്ടി അതിർത്തി കടന്ന് ജയിലിൽ പോകാൻ പോലും തയ്യാറായ യുവാവിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.






