
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ ആഗോള ഷിപ്പിംഗ് ഭീമനായ എംഎസ്സിക്ക് കൈമാറാനുള്ള നീക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടിലാക്കിയെന്ന വിവാദത്തില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. കേരള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉള്‍പ്പെടെയുള്ള എല്ലാ ഔദ്യോഗിക അംഗീകാരങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ ഓഹരി കൈമാറ്റ നടപടികളിലേക്ക് കടക്കൂ എന്ന് കമ്പനി വ്യക്തമാക്കി. ഓഹരി മാറ്റത്തിനെതിരെ സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
വിഴിഞ്ഞം തുറമുഖത്ത് ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്ക് കുത്തകാവകാശം ലഭിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ അദാനി പോര്‍ട്ട്സ് പൂര്‍ണ്ണമായും തള്ളി. വിഴിഞ്ഞം എന്നും 'ഓപ്പണ്‍ ആക്സസ്' തുറമുഖമായിത്തന്നെ തുടരുമെന്നും, എംഎസ്സിക്ക് മാത്രമായി പ്രത്യേക മുന്‍ഗണനയോ എക്സ്ക്ലൂസീവ് ബെര്‍ത്തിങ് അവകാശങ്ങളോ കരാര്‍ വഴി നല്‍കില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കി. എല്ലാ അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകള്‍ക്കും തുല്യമായ പരിഗണന തന്നെയാകും തുറമുഖത്ത് ലഭിക്കുക.
നിലവിലെ ഘട്ടത്തില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി പങ്കാളിത്ത ഘടനയില്‍ ഉടനടി മാറ്റമൊന്നുമില്ലെന്ന് സി.ഇ.ഒ അറിയിച്ചു. ലിസ്റ്റ് ചെയ്ത കമ്പനികള്‍ പാലിക്കേണ്ട സെബി ചട്ടങ്ങള്‍ അനുസരിച്ചാണ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വിവരങ്ങള്‍ ആദ്യം വെളിപ്പെടുത്തിയതെന്നും, തൊട്ടുപിന്നാലെ തന്നെ കേരള സര്‍ക്കാരിനെ ഔദ്യോഗികമായി വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. സെബിയെ അറിയിക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരിനെ വിവരങ്ങള്‍ ധരിപ്പിച്ചില്ലെന്ന ആക്ഷേപം ഇതോടെ അദാനി ഗ്രൂപ്പ് തള്ളി.
തുടര്‍നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ കേരള സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്റ്റേക്ക് ഹോള്‍ഡര്‍മാരുമായും കമ്പനി ചര്‍ച്ചകള്‍ തുടരും. നിലവിലുള്ള കണ്സഷന് കരാര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി, റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കൂ. ഇടപാടുകള്‍ക്ക് ശേഷവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂര്‍ണ്ണ നിയന്ത്രണവും പ്രവര്‍ത്തന ചുമതലയും അദാനി പോര്‍ട്ട്സിന് തന്നെയായിരിക്കും. കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തില്ലെന്ന് ഉറപ്പുനല്‍കിയതിലൂടെ, സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.






