
ന്യൂഡൽഹി: അയോധ്യയിലെ കാണിക്ക തട്ടിപ്പ് വിവാദം തുടരുന്നതിനിടെ ക്ഷേത്രത്തിൽ സമർപ്പിച്ച ഏകദേശം അഞ്ചു കോടി രൂപ വിലമതിക്കുന്ന ഒരു കാണിക്കയെ കുറിച്ചുള്ള ചോദ്യവും പ്രസക്തമാവുന്നു. മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ സമർപ്പിച്ച സ്വർണം പൂശിയ ‘രാമചരിതമാനസം’ എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്.
'രാമചരിതമാനസം' തുടക്കത്തിൽ കുറച്ചുകാലം ഭക്തർക്കായി പ്രദർശിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അവിടെനിന്ന് മാറ്റിയിരിക്കുകയാണെന്നും, ഇതിനെക്കുറിച്ച് ക്ഷേത്ര അധികാരികളിൽ നിന്ന് വിശദീകരണം തേടാൻ പലതവണ ശ്രമിച്ചിട്ടും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു. തുടക്കത്തിൽ ശ്രീകോവിലു സമീപം സൂക്ഷിക്കുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് അവിടെ പറ്റില്ല എന്നും മറ്റെവിടെയെങ്കിലും സൂക്ഷിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതൊന്നും പാലിക്കപ്പെട്ടില്ല എന്നും ഇപ്പോൾ തന്റെ കാണിക്ക എവിടെയാണെന്ന ചോദ്യത്തിന് ക്ഷേത്ര അധികാരികൾക്ക് മറുപടിയില്ല എന്നും ലക്ഷ്മി നാരായൺ ഒരു അഭിമുഖത്തിൽ പറഞ്ഞു.
സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയാൽ നിർമ്മിച്ച ഈ കയ്യെഴുത്തുപ്രതിക്ക് ഏകദേശം 147 കിലോഗ്രാം ഭാരമുണ്ട്. തുളസീദാസിന്റെ രാമചരിതമാനസത്തിലെ 10,902 ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന 522 സ്വർണ്ണം പൂശിയ പേജുകളാണ് ഇതിലുള്ളത്. 2024 ഏപ്രിലിലാണ് ഇത് രാമക്ഷേത്ര ട്രസ്റ്റിന് സമ്മാനിച്ചത്. ഏകദേശം അഞ്ച് മാസത്തോളം ഇത് ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചിരുന്നു.






