
തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്നങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴയ്ക്കരുതെന്ന് ബിജെപി. സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ സിനിമ മേഖലയിലെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത്. ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ലെന്നും പാർട്ടി നേതാവ് എസ് സുരേഷ് വ്യക്തമാക്കി.
ശ്വേത മേനോൻ ബിജെപി പ്രതിനിധി അല്ല. ശ്വേതാ മേനോൻ ദേശീയ വാദിയും മോദി ഭക്തയുമാണ്. പക്ഷേ ബിജെപിക്കാരിയല്ല. ഇന്നസെന്റ് അമ്മ പ്രസിഡന്റ് ആയപ്പോൾ സിപിഎം അമ്മ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി പറഞ്ഞിരുന്നില്ല. രമേശ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റിയുടെ തലവനായി വന്നപ്പോഴും ബിജെപി കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചില്ല. ഞങ്ങൾ മാന്യത പാലിച്ചിട്ടുണ്ടെന്നും സിനിമ പ്രശ്നങ്ങളിൽ ഇടപെടാനില്ലെന്നും എസ് സുരേഷ് കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസം ബിജെപിയുമായി ബന്ധപ്പെടുത്തി ശ്വേത മേനോനെതിരെ മാലാ പാർവതി രംഗത്തുവന്നിരുന്നു. ശ്വേത താര സ്ഥാനാർത്ഥികളെ നൽകുന്നതിനായി ബിജെപിയിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നും ഇതേക്കുറിച്ച് ഒരു യോഗത്തിൽ ചോദിച്ചപ്പോൾ ഇറങ്ങിയോടി എന്നുമായിരുന്നു ആരോപണം.






