
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന് ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന കേസിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു.
കേസിലെ പ്രതികളിലൊരാളായ രമാശങ്കർ യാദവ് അഥവാ ടിന്നു യാദവുമായി അഖിലേഷ് യാദവിന് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും പലതവണ ഫോണിൽ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും ബിജെപി ദേശീയ വക്താവ് അയജ് അലോക് മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും, മോഷണത്തിന് പിന്നിലുള്ള യഥാർഥ പങ്കാളികൾ ആരാണെന്ന് പിന്നീട് വ്യക്തമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സമാജ്വാദി പാർട്ടിയുടെ പങ്ക് ഘട്ടംഘട്ടമായി പുറത്തുവരുകയാണെന്നും സന്യാസി സമൂഹത്തിന്റെ പ്രതിഷേധം ആ പാർട്ടിക്ക് നേരിടാനാവില്ലെന്നും അയജ് അലോക് ആരോപിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ശ്രീരാമ വിരുദ്ധനാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, രാമജന്മഭൂമി ക്ഷേത്ര നിർമാണത്തിനായി സമാഹരിച്ച സംഭാവനയിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപിച്ച് കേസ് നൽകുമെന്ന് ദിഗ്വിജയ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതി ക്രമക്കേട് കണ്ടെത്തിയാൽ താൻ നൽകിയ സംഭാവന തിരികെ വാങ്ങി മറ്റൊരു അംഗീകൃത മതസ്ഥാപനത്തിനോ ശങ്കരാചാര്യരുടെ ട്രസ്റ്റിനോ നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.






