
തിരുവനന്തപുരം : കണ്ണൂരിൽ പാർട്ടി വിട്ട ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റ വാദം പൂർണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിമതർ വർഗ വഞ്ചകർ തന്നെയാണ്. തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കുമെന്നത് പൊതുരീതിയാണ്. ഓരോരുത്തരും ഓരോ ചാനലിലും സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
തെറ്റ് തിരുത്തിയാൽ ഈ ഭൂമുഖത്ത് ആരേയും തിരിച്ചെടുക്കും പക്ഷേ പാർട്ടിയെ വഞ്ചിച്ചതാണ് അവർ ചെയ്ത തെറ്റ്. വർഗവഞ്ചനയാണ്. ചതിയാണ്. അത് കൃത്യമായി പാർട്ടി ചൂണ്ടിക്കാട്ടിയിടുണ്ട്. ആ നിലപാടാണ് അവർ എടുത്തിട്ടുള്ളത്. സുധാകരനും ടി.കെ. ഗോവിന്ദനും, വി. കുഞ്ഞികൃഷ്ണനും എടുത്ത നിലപാട് പാർട്ടിയെ വഞ്ചിച്ച് ചതിച്ചു പോകുന്ന നിലയാണ് ഉണ്ടായത്. അതിനെ ശക്തമായി വിമർശിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനേയും കെ.ആർ. ഗൗരിയമ്മയേയും വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. തളിപ്പറമ്പിൽ എസ്ഐആറിന് ശേഷം മണ്ഡലത്തിന്റെ ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. പയ്യന്നൂർ പോലെ ഉറച്ച് ജയിക്കുമായിരുന്ന ഒരു മണ്ഡലമായിരുന്നില്ല തളിപ്പറമ്പ്.രണ്ട് മണ്ഡലങ്ങളിലേടയും സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായ പോരായ്മയാണ് തോല്‍വിയുടെ പ്രധാന കാരണമായി പറയുന്നത്. മറ്റൊരാളെ നിർത്തിയാൽ പയ്യന്നൂരിൽ ജയിക്കുമായിരുന്നു. തളിപ്പറമ്പിൽ അത്തരത്തിൽ പറയാൻ സാധിക്കില്ലായിരുന്നു എം വി ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.






