
ന്യൂഡൽഹി: കൊൽക്കത്തയിൽ നടന്ന ഒരു പ്രതിഷേധ മാർച്ചിനിടെ മമതാ ബാനർജി ഒരു പാർട്ടി പ്രവർത്തകന്റെ കരണത്തടിച്ചു. ഇതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് പാർട്ടി മമതയെ പ്രതിരോധിച്ച് രംഗത്തുവന്നു. മമതയ്ക്ക് പാർട്ടി പ്രവർത്തകരെ എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്ന് ടിഎംസി എംപി സൗഗത റോയ് പറഞ്ഞു. അവർക്ക് പ്രവർത്തകരോട് അത്രയ്ക്ക് അടുപ്പമുണ്ടെന്നും സൗഗത റോയി പറഞ്ഞു.
ബാരൂയിപൂരിൽ 12 വയസ്സുള്ള പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ, ജനക്കൂട്ടത്തിനിടയിലൂടെ തനിക്ക് വഴിമാറ്റിത്തരാൻ ശ്രമിച്ച ടിഎംസി പ്രവർത്തകന് നേരെയായിരുന്നു മമതയുടെ കോപ പ്രകടനം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് സൗഗത റോയ് മമതയെ വെള്ളപൂശാൻ ശ്രമിച്ചത്. “മമതാ ബാനർജിക്ക് തന്റെ പാർട്ടി പ്രവർത്തകരുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അവർ അവരോട് സ്നേഹം കാണിക്കാറുണ്ട്, ഇതും അതിന്റെ ഭാഗമാണ്... മമതാ ബാനർജിക്ക് തന്റെ അണികളോട് അവൾക്ക് ഇഷ്ടമുള്ളത് ചെയ്യാം," അദ്ദേഹം പറഞ്ഞു.
വലിയൊരു ജനക്കൂട്ടത്തിനിടയിലൂടെ മമത നടന്നുപോകുന്നതും, ചുറ്റുമുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്ന പാർട്ടി പ്രവർത്തകനെ അവർ പെട്ടെന്ന് അടിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ ദൃശ്യങ്ങൾ ബിജെപിയുടെ കടുത്ത പ്രതികരണത്തിന് കാരണമായി. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ഈ വീഡിയോ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കുകയും, ബാനർജി സ്വന്തം പാർട്ടിയിലെ ഒന്നിലധികം പ്രവർത്തകരെ മർദ്ദിച്ചതായി ആരോപിക്കുകയും ചെയ്തു ."തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ മമതാ ബാനർജിക്ക് മാനസിക നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു! ഇന്ന് നടന്ന പ്രതിഷേധ മാർച്ചിനിടെ മമതാ ബാനർജി സ്വന്തം പാർട്ടിയിലുള്ള ഒന്നിലധികം ആളുകളെയാണ് മർദ്ദിച്ചത്," ഭണ്ഡാരി പരിഹാസരൂപേണ എക്സിൽ കുറിച്ചു.






