
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികളെ തറയിൽ കിടത്തി ചികിത്സിക്കേണ്ട സാഹചര്യം പൂർണമായും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഉടൻ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
മെഡിക്കൽ കോളജുകളിലെ അമിത തിരക്കും രോഗികൾ തറയിൽ കിടക്കേണ്ടി വന്ന സാഹചര്യവും അടുത്തിടെ ആരോഗ്യ വകുപ്പിനെതിരെ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് സ്ഥിരമായ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാൻ അവിടെയുള്ള ഫീവർ ക്ലിനിക്ക് പുലയനാർകോട്ടയിലെ ചെസ്റ്റ് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റും. രോഗികളെ പ്രവേശിപ്പിക്കുന്നതിനായി അവിടെ അടിയന്തരമായി 200 കിടക്കകൾ കൂടി ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിലെ തിരക്ക് കുറയ്ക്കുകയും രോഗികളെ തറയിൽ കിടത്തി ചികിത്സിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് രോഗികളെ പുലയനാർകോട്ട ആശുപത്രിയിലേക്ക് മാറ്റാനുള്ള അന്തിമ തീരുമാനം ശനിയാഴ്ച കൈക്കൊണ്ടത്. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ജില്ലയിലെ പ്രമുഖ ആശുപത്രി മേധാവികളും പങ്കെടുത്തത്.






