
കോഴിക്കോട്: എസ്ബിഐയുടെ പേരിൽ വാട്സ്ആപ്പിലൂടെ ലഭിച്ച വ്യാജ എപികെ (APK) ഫയൽ തുറന്നതിന് പിന്നാലെ കോഴിക്കോട് സ്വദേശിക്ക് 3.5 ലക്ഷം രൂപ നഷ്ടമായി. ഉള്ളിയേരി സ്വദേശി വിനോദാണ് ഓൺലൈൻ തട്ടിപ്പിനിരയായതായി പരാതിപ്പെട്ടത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
യാത്രയ്ക്കിടെയാണ് വിനോദിന്റെ ഫോണിലേക്ക് എസ്ബിഐയുടെ പേരിൽ വാട്സ്ആപ്പ് സന്ദേശം എത്തിയത്. സന്ദേശത്തോടൊപ്പമുണ്ടായിരുന്ന എപികെ ഫയൽ യഥാർത്ഥ ബാങ്ക് സന്ദേശമാണെന്ന് കരുതി തുറക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ദിവസങ്ങൾക്കകം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 14 തവണകളായി 3.5 ലക്ഷം രൂപ പിൻവലിച്ചതായാണ് പരാതി.
ഒടിപി (OTP) ആരോടും പങ്കുവെച്ചിട്ടില്ലെന്നും ഒടിപി ആവശ്യപ്പെട്ട് ആരും ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി.
എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്താൽ ഫോൺ ഹാക്ക് ചെയ്ത് ബാങ്കിങ് വിവരങ്ങൾ ചോർത്താൻ തട്ടിപ്പുകാർക്ക് കഴിയുമെന്നും ഇത്തരം ആക്രമണങ്ങൾക്ക് എല്ലാ സാഹചര്യങ്ങളിലും ഒടിപി ആവശ്യമില്ലെന്നും സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക സൂറത്തും നോയിഡയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് പിൻവലിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് സൈബർ പൊലീസ് അറിയിച്ചു.






