
കുവൈത്ത് സിറ്റിയിലെ ജാബ്രിയയിൽ ശനിയാഴ്ച വൈകുന്നേരം മൂന്നുനില പാർപ്പിട സമുച്ചയത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണതിനെ തുടർന്ന് നാലുപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഹവല്ലി, സാൽമിയ ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ പ്രത്യേക അഗ്നിരക്ഷാസേനാംഗങ്ങൾ നടത്തിയ അതിസാഹസിക രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇവരെ സുരക്ഷിതമായി പുറത്തെടുത്തത്.
അപകടവിവരം ലഭിച്ചതിന് പിന്നാലെ രക്ഷാസംഘം സ്ഥലത്തെത്തി ഉടൻ രക്ഷാദൗത്യം ആരംഭിച്ചു. കുടുങ്ങിക്കിടന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്തശേഷം മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും ഒഴിപ്പിക്കുകയും കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്തു.
സംഭവത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്ന് ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു. മേൽക്കൂര തകരാൻ കാരണമായ സാങ്കേതിക തകരാർ എന്താണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുന്നതിനായി അപകടസ്ഥലം പിന്നീട് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് കൈമാറി. വൻ ദുരന്തം ഒഴിവാക്കാനായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.






