ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന-വഴിപാട് കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച ഇന്ത്യാ മുന്നണി നേതാക്കളെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത്. ഈ ആവശ്യമുന്നയിച്ച് അയോധ്യ പോലീസിന് വി.എച്ച്.പി. നേതൃത്വം കത്തയച്ചു.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്ര, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെയുള്ള നേതാക്കളെ അടിയന്തരമായി വിളിച്ചുവരുത്തി അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ആധാരമായ വസ്തുതകള്‍, വിവരങ്ങളുടെ ഉറവിടം, ഇതിനെ സാധൂകരിക്കുന്ന രേഖകള്‍ എന്നിവ ഹാജരാക്കാന്‍ ആവശ്യപ്പെട്ടണമെന്നാണ് വി.എച്ച്.പിയുടെ ആവശ്യം. വി.എച്ച്.പി. രാജ്യാന്തര അധ്യക്ഷന്‍ അലോക് കുമാറാണ് ഈ ആവശ്യമുന്നയിച്ച് അയോധ്യ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അശുതോഷ് തിവാരിക്ക് കത്തു നല്‍കിയത്.
പ്രിയങ്കയ്ക്കും കെജ്രിവാളിനും പുറമേ, സമാജ്വാദി പാര്‍ട്ടി നേതാക്കളായ അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ്, എ.എ.പി. എം.പി. സഞ്ജയ് സിങ് എന്നിവരെയും ചോദ്യംചെയ്യണമെന്നും വി.എച്ച്.പി. ആവശ്യപ്പെടുന്നു. ഇരുപതിനായിരത്തിലധികം കോടി രൂപയുടെ കണക്കുകള്‍ നിരത്തി പ്രതിപക്ഷനേതാക്കള്‍ പൊതുവേദിയില്‍ ആരോപണം ഉന്നയിച്ചതായി കത്തില്‍ പറയുന്നു. കേസിന്റെ വസ്തുതകളെക്കുറിച്ചും കവര്‍ച്ച സംബന്ധിച്ച സാഹചര്യങ്ങളെക്കുറിച്ചും ഈ നേതാക്കള്‍ക്ക് കൃത്യമായ അറിവുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അലോക് കുമാര്‍ ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിലെ സാധാരണ ജീവനക്കാര്‍ക്ക് സി.സി. ടിവി ക്യാമറകള്‍ ഓഫ് ചെയ്യാനും വഴിപാടുകളില്‍ കോടിക്കണക്കിനു രൂപയുടെ കൃത്രിമം നടത്താനും കഴിയുമോയെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ചോദ്യം. ക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിലെ മാല, പാദുകങ്ങള്‍, വജ്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയ്ക്കൊപ്പം 200 കോടി രൂപയും കവര്‍ച്ച ചെയ്യപ്പെട്ടെന്നാണ് കെജ്രിവാളിന്റെ ആരോപണം. അതേസമയം, ക്ഷേത്രത്തില്‍ ഇരുപതിനായിരം കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് രാംഗോപാല്‍ യാദവിന്റെ ആക്ഷേപം.
പരസ്പര വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നേതാക്കള്‍ ഉന്നയിച്ചതെന്ന് വ്യക്തമായാല്‍ ഇവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും അലോക് കുമാര്‍ ആവശ്യപ്പെട്ടു. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കാന്‍, ഈ നേതാക്കളെ നേരിട്ട് വിളിച്ചുവരുത്തുകയോ അവരുടെ മൊഴി രേഖപ്പെടുത്തുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, വ്യാജ ആരോപണങ്ങളാണെന്നു കണ്ടെത്തിയാല്‍ അന്വേഷണ ഏജന്‍സി നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും വി.എച്ച്.പി. നേതാവ് ആവശ്യപ്പെട്ടു.





