
ന്യൂഡല്‍ഹി: ദേശീയതയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും പ്രതീകമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ആദര്‍ശങ്ങളാണ് വികസിത ഇന്ത്യയുടെ നിര്‍മാണത്തിന് ഇന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച അനുസ്മരണ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ അവിഭാജ്യതയ്ക്കുവേണ്ടിയുള്ള അചഞ്ചലമായ നിലപാടാണ് ഡോ. മുഖര്‍ജിയുടെ പൊതുജീവിതത്തെ നിര്‍വചിച്ചതെന്ന് മോദി പറഞ്ഞു. പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ ഭാഗമായി നിലനില്ക്കുന്നതില് അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. തുടര്‍ന്ന് ജമ്മു കശ്മീരിന്റെ സമ്പൂര്‍ണ സംയോജനത്തിനായുള്ള പോരാട്ടത്തില്‍ ജീവന് ബലികഴിച്ചു. 2019-ല്‍ ഭരണഘടനയിലെ 370-ാം വകുപ്പും 35(എ) വകുപ്പും റദ്ദാക്കിയ നടപടി മുഖര്‍ജിയുടെ രക്തസാക്ഷിത്വത്തിന് നല്കിയ ഏറ്റവും ഉചിതമായ ആദരാഞ്ജലിയാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സുരക്ഷിതവും സമ്പന്നവുമായ ജീവിതം തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നിട്ടും ദേശീയ സേവനത്തിന്റെ വഴിയാണ് ഡോ. മുഖര്‍ജി സ്വീകരിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ദുരന്തങ്ങളും കുടുംബനഷ്ടങ്ങളും നേരിട്ടിട്ടും രാജ്യസേവനത്തോടുള്ള പ്രതിബദ്ധതയില്‍നിന്ന് അദ്ദേഹം ഒരിക്കലും പിന്മാറിയില്ല.
കല്‍ക്കട്ട സര്‍വകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലറായിരുന്ന മുഖര്‍ജി വിദ്യാഭ്യാസരംഗത്ത് നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കി. ശാസ്ത്രഗവേഷണം, ലൈബ്രറി വികസനം, കൃഷിശാസ്ത്ര പഠനം, വിദ്യാര്‍ഥിക്ഷേമം, അധ്യാപക പരിശീലനം തുടങ്ങിയ മേഖലകളില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി.
കോണ്‍ഗ്രസിന് ബദലായ രാഷ്ട്രീയ ശബ്ദം ഉയര്‍ത്തുന്നതിനായി ഭാരതീയ ജനസംഘം സ്ഥാപിച്ചതും രാജ്യത്തിന്റെ സാംസ്കാരിക വേരുകളില്‍ അധിഷ്ഠിതമായ വികസന കാഴ്ചപ്പാട് മുന്നോട്ടുവച്ചതും ഡോ. മുഖര്‍ജിയുടെ ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യവസായ-വിതരണ മന്ത്രിയെന്ന നിലയില്‍ ദാമോദര്‍ വാലി കോര്പറേഷന്, സിന്ദ്രി രാസവള പ്ലാന്റ് തുടങ്ങിയ പദ്ധതികളിലൂടെ ആധുനിക വ്യവസായ ഇന്ത്യയുടെ അടിത്തറ പാകി. കൈത്തറി, കുടില്‍വ്യവസായം, കരകൗശല മേഖലകള്‍ക്ക് പ്രോത്സാഹനം നല്കി. സിന്ദ്രി പ്ലാന്റിന്റെ പുനരുജ്ജീവനത്തിന് തന്റെ സര്‍ക്കാരിന് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ദേശീയ താല്പര്യത്തിന് മുന്‍ഗണന നല്കിയ നേതാവായിരുന്നു മുഖര്‍ജി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചെങ്കിലും ദേശീയ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ അദ്ദേഹം രാജിവച്ച് തന്റെ രാഷ്ട്രീയ നിലപാടിനുവേണ്ടി പ്രവര്‍ത്തിച്ചു.1943-ലെ ബംഗാള്‍ ക്ഷാമകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതും ദുരിതബാധിതര്‍ക്കായി ഭക്ഷണ വിതരണവും രക്ഷാകേന്ദ്രങ്ങളും സംഘടിപ്പിച്ചതും 1942-ലെ മേദിനിപുര്‍ ചുഴലിക്കാറ്റിന് പിന്നാലെ നടത്തിയ സേവനപ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ മാനുഷിക മുഖത്തിന്റെ ഉദാഹരണമാണെന്നും മോദി പറഞ്ഞു.
കരുത്തുറ്റതും അവിഭാജ്യവും ആത്മവിശ്വാസമുള്ളതും കാരുണ്യമുള്ളതുമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഓരോ പൗരനും പരിശ്രമിക്കുന്നതാണ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്ക് നല്കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലിയെന്നും പ്രധാനമന്ത്രി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.





