
മുംബൈ: ശുഭപര്യവസായിയായ സിനിമയെ അനുസ്മരിപ്പിച്ച് ബോളിവുഡ് താരം ആമിര്‍ ഖാനും പ്രണയിനി ഗൗരി സ്പ്രാറ്റും വിവാഹിതരായി.
25 വര്‍ഷത്തോളമായി സുഹൃത്തുക്കളായിരുന്ന ഇരുവരും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ആമിറിന്റെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഇന്നലെ ഔദ്യോഗിക രേഖകളില്‍ ഒപ്പുവച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തു. ആമിറിന്റെ മൂന്നു മക്കളും ഗൗരിയുടെ മകനും അടക്കം നൂറ്റന്പതോളം പേര് ചടങ്ങുകളില്‍ സംബന്ധിച്ചു. അറുപത്തൊന്നുകാരനായ ആമിറിന്റെ മൂന്നാം വിവാഹമാണിത്. ചലച്ചിത്ര നിര്‍മാതാവ് റീന ദത്തയാണ് ആദ്യഭാര്യ. ഈ ബന്ധത്തില്‍ ജുനൈദ്, ഇറാ ഖാന് എന്നീ രണ്ടു മക്കളുണ്ട്. സംവിധായിക കിരണ്‍ റാവുവുമായി 2005-ലായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം. 2021-ല്‍ വേര്‍പിരിഞ്ഞ ബന്ധത്തില്‍ ആസാദെന്ന മകനുണ്ട്. അതിനുശേഷമാണ് ബംഗളുരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റുമായി ആമിര്‍ കൂടുതല്‍ അടുപ്പത്തിലാകുന്നത്. ആദ്യവിവാഹത്തില്‍ ഗൗരിക്ക് ഒരു മകനുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ദീര്‍ഘനാളായി ബോളിവുഡില്‍ അഭ്യൂഹം പരന്നിരുന്നു. പല പൊതുചടങ്ങുകള്‍ക്കും ഇരുവരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത് പാപ്പരാസികള്‍ ആഘോഷമാക്കി. തന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ആമീര്‍ ഖാന് മാധ്യമങ്ങള്‍ക്കുമുന്നില്‍ ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ക്കു വിരാമമായത്.





