
' കാന്താര' എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ നടനും സംവിധായകനുമാണ് ഋഷഭ് ഷെട്ടി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. ഇപ്പോഴിതാ ഋഷഭ് ഷെട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ പ്രഗതി ഷെട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഋഷഭിനൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടയിരുന്നു പ്രഗതിയുടെ ആശംസ.
'ഓരോ ദിവസവും കൂടുതല്‍ പ്രകാശപൂരിതമാക്കുന്ന വ്യക്തിയ്ക്ക ജന്മദിനാശംസകള്‍. നിങ്ങളുടെ സ്‌നേഹമാണ് എന്റെ വെളിച്ചവും സമാധാനവും, ഒപ്പം ഇന്നത്തെ ഞാന്‍ എന്ന വ്യക്തിയെ രൂപപ്പെടുത്തിയ ആത്മവിശ്വാസത്തിന്റെ ഉറവിടവും. എന്റെ പങ്കാളിയായും ഏറ്റവും വലിയ പിന്തുണയായും, എന്റെ ചെറിയ ലോകത്തെ അനന്തമായ സാധ്യതകളുടെ മഹാസമുദ്രമാക്കി മാറ്റിയ അനുഗ്രഹമായും നിലകൊണ്ടുകൊണ്ട്, ഞാന്‍ ചിന്തിച്ചതിലും മനോഹരമായി നിങ്ങള്‍ എന്റെ ജീവിതത്തെ മാറ്റിമറിച്ചു.
തിരിഞ്ഞുനോക്കുമ്പോള്‍, നമ്മള്‍ പങ്കിട്ട ഓരോ നിമിഷവും വിലയേറിയ ഓര്‍മ്മകളുടെ ഒരു നിധിയായി മാറിയിരിക്കുന്നു. അവിടെ ചിരിയും കണ്ണീരും, സന്തോഷവും വിയോജിപ്പുകളും ഉണ്ടായിരുന്നു. പക്ഷേ അതിനെല്ലാമുപരിയായി, എപ്പോഴും പരസ്പരം തിരിച്ചറിയുന്ന ഒരു മനസ്സുണ്ടായിരുന്നു. ഏറ്റവും പ്രധാനമായി, ഒരിക്കലും മങ്ങാത്ത ഒരു സ്‌നേഹവും. നിങ്ങളായിരിക്കുന്നതിന് നന്ദി. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറം സ്‌നേഹിക്കുന്നു', എന്നാണ് പ്രഗതി ഷെട്ടി കുറിച്ചത്.
കോസ്റ്റിയൂം ഡിസൈനറാണ് പ്രഗതി. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കാന്താരയുടെ പ്രീക്വല്‍ ആയ കാന്താര :ചാപ്റ്റര്‍ 1 ന്റെ കോസ്റ്റിയൂം ഡിസൈന്‍ നിര്‍വഹിച്ചതും പ്രഗതിയായിരുന്നു.
2014 ല്‍ ഋഷഭ് ഷെട്ടി അഭിനയിച്ച 'ഉളിദവരു കണ്ടതെ' എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2017 ലാണ് ഇവര്‍ വിവാഹിതരായത്. റണ്‍വിത്, രാധ്യ എന്നിവരാണ് മക്കള്‍.






