
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണക്കേസിൽ ലഷ്കർ-ഇ-തയ്ബ മേധാവി ഹാഫിസ് സയീദിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അധിക കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് 1,597 പേജുകളുള്ള സപ്ലിമെന്ററി കുറ്റപത്രം സമർപ്പിച്ചത്.
ഹാഫിസ് സയീദിനെ വ്യക്തിപരമായും ലഷ്കർ-ഇ-തയ്ബയുടെയും ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF)ന്റെയും തലവൻ എന്ന നിലയിലും പ്രതിചേർത്തിട്ടുണ്ട്. യുഎപിഎ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം ഗൂഢാലോചന, ഇന്ത്യയ്ക്കെതിരെ യുദ്ധം നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ആക്രമണത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്കുണ്ടെന്നാരോപിച്ച് ടിആർഎഫ് തലവൻ ഹബീബുള്ള മാലിക് അഥവാ സാജിദ് ജാട്ടിനെയും അധിക കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. പാകിസ്ഥാന്റെ പങ്കാളിത്തം, ഹാഫിസ് സയീദിന്റെ പങ്ക്, അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾ എന്നിവ കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു.
ഇതിന് മുമ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി ആരോപിക്കപ്പെട്ട ഫൈസൽ ജാട്ട് (സുലൈമാൻ ഷാ), ഹബീബ് താഹിർ (ജിബ്രാൻ), ഹംസ അഫ്ഗാനി എന്നിവരെയും പാകിസ്ഥാനി ഹാൻഡ്ലറായ സാജിദ് ജാട്ടിനെയും പ്രതിചേർത്തിരുന്നു. തുടർന്ന് ശ്രീനഗറിന് സമീപമുള്ള ദച്ചിഗാമിൽ നടത്തിയ 'ഓപ്പറേഷൻ മഹാദേവ്' ദൗത്യത്തിൽ ഈ മൂന്ന് ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു.
2025 ഏപ്രിൽ 22-നാണ് പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. സാധാരണക്കാരായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പുരുഷന്മാരെ വേർതിരിച്ചുനിർത്തി മതം ചോദിച്ചറിഞ്ഞ ശേഷം വെടിവെച്ചാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മലയാളിയായ രാമചന്ദ്രൻ ഉൾപ്പെടെ 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.






