
ബംഗളുരു: 37 വര്‍ഷത്തെ തടവിന് ശേഷം സായ്ബണ്ണ എന്‍. നടികര്‍(72)ക്ക് ജയില്‍ മോചനം. അയാള്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിന്റെ കവാടത്തിന് പുറത്തിറങ്ങിയതോടെ പുതിയ റെക്കോഡും പിറന്നു- രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തടവ് അനുഭവിച്ച വ്യക്തി. ജയിലിനുള്ളില്‍ അയാളുടെ പെരുമാറ്റം വളരെ നല്ലതായിരുന്നതായി ഡി.ജി.പി (ജയില്‍) അലോക് കുമാര്‍ അറിയിച്ചു,
1988-ല്‍, ആദ്യ ഭാര്യ മല്ക്കവ്യെ കൊലപ്പെടുത്തിയതോടെയായിരുന്നു ആദ്യ ജയില്‍വാസം. അവര്‍ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. ആ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. 1994-ല്‍ പരോള്‍ അനുവദിച്ചു. തുടര്‍ന്നായിരുന്നു രണ്ടാം വിവാഹം.
ആ ബന്ധത്തില്‍ ഒരു മകളുമുണ്ടായി. ഏറെ വൈകാതെ രണ്ടാം ഭാര്യ നാഗമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകള്‍ വിജയലക്ഷ്മിയെയും കൊലപ്പെടുത്തി. രണ്ടാം ഭാര്യയ്ക്കും അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കേസുകളുടെ നടത്തിപ്പിനായി അയാള്‍ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന 10 ഏക്കര്‍ ഭൂമി വിറ്റു. കൊലപാതകങ്ങളില്‍ ഇതുവരെ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ല. ഇത്രയും വര്‍ഷം അഴികള്‍ക്കുള്ളില്‍ കഴിഞ്ഞിട്ടും തന്റെ ഭാര്യമാരുടെ അവിഹിതബന്ധത്തിന് തെളിവുണ്ടെന്ന വാദത്തില്‍ സായ്ബണ്ണ ഉറച്ചുനില്‍ക്കുകയാണ്.
2003-ല്‍, രണ്ടാമത് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ക്രൂരത കണക്കിലെടുത്ത് വിചാരണ കോടതി അയാള്‍ക്ക് വധശിക്ഷ വിധിച്ചു. പിന്നീട് കര്‍ണാടക ഹൈക്കോടതി ഈ ശിക്ഷ ജീവപര്യന്തമായി ചുരുക്കി. സായ്ബണ്ണ ഏതാണ്ട് പത്ത് വര്‍ഷത്തോളം ഏകാന്തതടവ് അനുഭവിച്ചിട്ടുണ്ടെന്നും, അത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന ഹൈക്കോടതി നിരീക്ഷണത്തെയും തുടര്‍ന്നുള്ള നിയമപരമായ ഇടപെടലുകളെയും തുടര്‍ന്നാണ് ഇപ്പോള്‍ മോചനം സാധ്യമായത്. ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലുണ്ടായ കാലതാമസവും അനുകൂല ഘടകമായി മാറി. അങ്ങനെ 37 വര്‍ഷത്തിന് ശേഷം അയാള്‍ ജയില്‍ മോചിതനായി. ഭാര്യ ഭിന്നശേഷിക്കാരി ആയാലും കുഴപ്പമില്ലെന്നും വിശ്വസ്തയായിരിക്കുക എന്നതായിരുന്നു തനിക്ക് ഏറ്റവും പ്രധാനം എന്നുമാണ് ജയില്‍മോചിതനായശേഷം അയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്.





