
ജമ്മു: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ലഷ്കറെ തോയ്ബ മേധാവിയും ഇന്ത്യ തെരയുന്ന കൊടുംഭീകരനുമായ ഹാഫിസ് സയിദാണെന്നു ദേശീയാന്വേഷണ ഏജന്‍സി. ജമ്മുവിലെ പ്രത്യേകകോടതിയില്‍ സമര്‍പ്പിച്ച അധിക കുറ്റപത്രത്തിലാണ് എന്‍.ഐ.എ. ഇക്കാര്യം വ്യക്തമാക്കിയത്.
ലഷ്കറെയുടെ നിഴല്‍സംഘടനയായ 'ദ റെസിസ്റ്റന്‍സ് ഫ്രണ്ടി'നെ (ടി.ആര്.എഫ്) മുന്‍നിര്‍ത്തിയാണ് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 22-ന് 26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണം ഹാഫിസ് സയിദ് ആസൂത്രണം ചെയ്തത്.
വിനോദസഞ്ചാരികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞുപിടിച്ച് ഭീകരര്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക ടൂറിസ്റ്റ് ഗൈഡുമാണു കൊല്ലപ്പെട്ടത്. സയിദ് ഭീകരാക്രമണം ആസൂത്രണം ചെയ്തതും അതിനായി ഭീകരരെ നിയോഗിച്ചതും നടപ്പാക്കല്‍ നിരീക്ഷിച്ചതും പാകിസ്താനില്‍നിന്നാണെന്ന് എന്‍.ഐ.എ. കുറ്റപത്രത്തില്‍ വ്യക്തമാക്കി. 1597 പേജുള്ള ആദ്യകുറ്റപത്രത്തിന്റെ തുടര്‍ച്ചയാണു കഴിഞ്ഞദിവസം സമര്‍പ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക്, ഹാഫിസ് സയിദിന്റെ ഇടപെടല്‍, ആക്രമണസ്ഥലത്തുനിന്നു ശേഖരിച്ച ശാസ്ത്രീയ, ഫോറന്‍സിക്, സാങ്കേതിക തെളിവുകള്‍ എന്നിവ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
കഴിഞ്ഞ ഡിസംബറിലാണ് പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ എന്‍.ഐ.എ. ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. പാകിസ്താനി ഭീകരന് സാജിദ് ജാട്ട്, കഴിഞ്ഞ ജൂലൈയില്‍ 'ഓപ്പറേഷന് മഹാദേവി'ന്റെ ഭാഗമായി സുരക്ഷാസേന വധിച്ച മൂന്ന് ഭീകരര്‍, അറസ്റ്റിലായ രണ്ട് ഭീകരര്‍ എന്നിവരെയും ലഷ്കറെ തോയ്ബ/ടി.ആര്.എഫിനെയുമാണു പ്രധാനകുറ്റപത്രത്തില് പ്രതിചേര്‍ത്തിരുന്നത്.





