
ഡാളസ്: ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ മിക്കല്‍ മെറിനോ നേടിയ മിന്നും ഗോളില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി സ്പെയിന് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡാളസില്‍ നടന്ന ആവേശകരമായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിനിന്റെ വിജയം. ഈ തോല്‍വിയോടെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് കരിയറിന് നിരാശാജനകമായ അന്ത്യമായി. ജൂലൈ 10 വെള്ളിയാഴ്ച ലോസ് ആഞ്ചലസില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം സ്പെയിനിന്റെ എതിരാളികളാകും.
മത്സരത്തിലുടനീളം ഇരുടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയില്‍ സ്പെയിനിന് ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. കളിയുടെ മൂന്നാം മിനിറ്റില്‍ ഡാനി ഓല്‍മോയുടെ പാസില്‍ നിന്ന് സ്പെയിനിന്റെ മിക്കല്‍ ഒയാര്സബാലിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ലാമിന് യമാല്‍, അലക്സ് ബീന എന്നിവരുടെ ശ്രമങ്ങള്‍ പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ തടഞ്ഞിട്ടു.
മറുപടിയായി 41-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ന്യൂനോ മെന്‍ഡിസ് തൊടുത്ത ശക്തമായ ഇടംകാലന്‍ ഷോട്ട് സ്പാനിഷ് പ്രതിരോധ താരം പെഡ്രോ പോറോയുടെ ശരീരത്തില്‍ തട്ടി ക്രോസ്ബാറില്‍ ഇടിച്ച് തെറിച്ചതാണ് ആദ്യ പകുതിയിലെ ഏറ്റവും അപകടകരമായ നിമിഷം. രണ്ടാം പകുതി വിരസമായിരുന്നെങ്കിലും, കളി അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയ 91-ാം മിനിറ്റില്‍ സ്പെയിന് വിജയമുറപ്പിച്ചു. റോഡ്രി എടുത്ത ഫ്രീ-കിക്കില്‍ നിന്നും ഫെറാന്‍ ടോറസ് നല്കിയ പാസ് സ്വീകരിച്ച് ആഴ്സണല്‍ മിഡ്ഫീല്‍ഡര്‍ മിക്കല്‍ മെറിനോ പന്ത് പോര്‍ച്ചുഗീസ് വലയിലാക്കുകയായിരുന്നു.




