
പാലക്കാട്: ഷൊർണൂർ വാടാനംകുറിശ്ശിയിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂർ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്.
അജ്ഞാതനായ ഒരാൾ വീട്ടുമുറ്റത്തെത്തി സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവം ഇന്നലെ അർധരാത്രിയോടെയാകാമെന്നാണ് വിലയിരുത്തൽ. ഇന്ന് പുലർച്ചെയാണ് വീടിന് സമീപത്തെ തെങ്ങിൻ ചുവട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെയുണ്ടായ മഴയെ തുടർന്ന് മൃതദേഹം പൂർണമായി കത്തിയിട്ടില്ലെന്നാണ് വിവരം.
ഷൊർണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.






