
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിലെത്തുന്ന രോഗികൾക്ക് ഇനി കട്ടിലും മെത്തയും ലഭ്യമാക്കണമെന്ന് നിർദേശിച്ച് ആരോഗ്യവകുപ്പ് സർക്കുലർ പുറത്തിറക്കി. കട്ടിലും മെത്തയും രോഗികളുടെ അവകാശമായി കണക്കാക്കിയാണ് പുതിയ നിർദേശം. ഇതനുസരിച്ച് മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തന ചട്ടങ്ങളിലും മാറ്റം വരുത്തും.
പുതിയ നിർദേശങ്ങൾ 100 ദിവസത്തിനകം നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അഞ്ച് മിനിറ്റിനുള്ളിൽ ചികിത്സ ആരംഭിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ചികിത്സ വൈകിയെന്ന പരാതികളെ തുടർന്ന് രോഗികളുടെ അടിയന്തര പരിചരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രോഗികളുടെ സ്രവ സാമ്പിളുകൾ വാർഡുകളിൽ നിന്ന് തന്നെ ശേഖരിക്കണമെന്നും നിർദേശമുണ്ട്.
വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് തുടർച്ചയായി ആശുപത്രിയിലെത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനും പുതിയ സംവിധാനം ഏർപ്പെടുത്തും. ഇത്തരം രോഗികൾക്ക് ഡോക്ടറുടെ അവസാന കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആറുമാസം വരെ മരുന്നുകൾ ഫാർമസിയിൽ നിന്ന് ലഭ്യമാക്കാനാണ് തീരുമാനം. ഒരു മാസത്തേക്കുള്ള മരുന്ന് ഒരുമിച്ച് നൽകാനും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, മുതിർന്ന പൗരന്മാർക്കായി ആശുപത്രികളിൽ പ്രത്യേക ക്യൂ സംവിധാനം നിർബന്ധമാക്കാനും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.






