
തൃശൂർ: സ്വന്തം മക്കൾക്ക് എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മുത്തുവാണ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്.
പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന മുത്തു ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. ആറ് വയസുകാരിയായ മകൾ റിഥികയ്ക്കും ഏഴ് വയസുകാരനായ മകൻ റിഥിനുമാണ് ഇയാൾ എലിവിഷം നൽകിയതെന്നാണ് കേസ്.
മക്കൾക്ക് വിഷം നൽകിയതിന് പിന്നാലെ മുത്തുവും എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പൊലീസ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
അതേസമയം, പിതാവ് വിഷം നൽകിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിഥികയുടെയും റിഥിന്റെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.






