
ഇസ്ലാമാബാദ്: പാകിസ്താനിലെ സിവിലിയൻ സർക്കാരിന് പിന്നാലെ, സിന്ധു നദീജല കരാർ പ്രകാരം രാജ്യത്തിന് ലഭിക്കേണ്ട "അർഹമായ ജലവിഹിതം" ഉറപ്പാക്കാൻ ആവശ്യമായ "എല്ലാ നടപടികളും" സ്വീകരിക്കുമെന്ന് പാകിസ്താൻ സൈന്യവും വ്യക്തമാക്കി. കഴിഞ്ഞ വർഷം 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെയുള്ള ശിക്ഷാനടപടിയുടെ ഭാഗമായി ഇന്ത്യ ഈ കരാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സർക്കാരിന്റെ നിർദ്ദേശങ്ങൾക്കും ജനങ്ങളുടെ ആഗ്രഹങ്ങൾക്കും അനുസൃതമായി പാകിസ്താന്റെ അർഹമായ ജലവിഹിതം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പാക് സൈന്യം പ്രസ്താവന പുറത്തിറക്കി. ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമായിരുന്നു ഇത്. വെള്ളം തടയുന്നതോ തിരിച്ചുവിടുന്നതോ ആയ ഇന്ത്യയുടെ ഏത് നീക്കത്തെയും "യുദ്ധപ്രഖ്യാപനമായി" കണക്കാക്കാൻ കഴിഞ്ഞ വർഷത്തെ പാകിസ്താൻ നാഷണൽ സെക്യൂരിറ്റി കമ്മറ്റി യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനം പിന്തുടരാനാണ് ഇപ്പോഴത്തെ യോഗവും തീരുമാനിച്ചിരിക്കുന്നത്.നിലവിലെ സുരക്ഷാ അന്തരീക്ഷം വിലയിരുത്തിയ യോഗം, പാക് സായുധ സേനയുടെ സജ്ജീകരണത്തിലും പ്രൊഫഷണലിസത്തിലും സംതൃപ്തി രേഖപ്പെടുത്തി.
അഫ്ഗാൻ താലിബാൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ ഉപയോഗിച്ച് പാകിസ്താനെതിരെ ഭീകരാക്രമണം നടത്തുന്നതിൽ യോഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഭീകരവാദത്തിൽ നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ പാകിസ്താന് വ്യക്തമായ അവകാശമുണ്ടെന്നും 'ഓപ്പറേഷൻ ഗസാബ്-ലിൽ-ഹഖ്' വഴി അഫ്ഗാൻ താലിബാൻ നിയന്ത്രിത പ്രദേശങ്ങളിൽ നിന്നുള്ള ഭീകരവാദത്തിനെതിരെ രഹസ്യാന്വേഷണ അടിസ്ഥാനത്തിലുള്ള സൈനിക നീക്കങ്ങൾ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. കശ്മീരികൾക്ക് പാകിസ്താന്റെ നയതന്ത്ര, രാഷ്ട്രീയ, ധാർമ്മിക പിന്തുണയും യോഗം ആവർത്തിച്ചു.
സിന്ധു നദീജല വിഷയത്തിൽ എല്ലാ മുന്നണികളിലും പോരാടാൻ പാകിസ്താൻ തയ്യാറാണെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയും മുന്നറിയിപ്പ് നൽകി. ഒരു പൊതുയോഗത്തിൽ സംസാരിക്കുന്ന ബിലാവലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിന്ധു നദിയിലെ വെള്ളത്തെ ഇന്ത്യ "ആയുധമാക്കാൻ" ശ്രമിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, തങ്ങളുടെ അവകാശങ്ങളിൽ ഇസ്ലാമാബാദ് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പറഞ്ഞു."സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഇന്ത്യയുമായി യുദ്ധം ചെയ്യേണ്ടി വന്നാൽ ഞങ്ങൾ യുദ്ധം ചെയ്യും," ഭൂട്ടോ സർദാരി പറയുന്നത് വീഡിയോയിലുണ്ട്. എന്നാൽ റാലി നടന്നത് എന്നാണെന്ന് വ്യക്തമല്ല.
പാകിസ്താൻ അതിർത്തികടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് തുടരുന്നതിനാലാണ് സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ആഴ്ച ഇന്ത്യ ആവർത്തിച്ചിരുന്നു. ഭീകരവാദത്തിനുള്ള പിന്തുണ പാകിസ്താൻ വിശ്വസനീയവും ശാശ്വതവുമായ രീതിയിൽ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ പറഞ്ഞു. പാകിസ്താൻ തങ്ങളുടെ ശത്രുതാപരമായ നിലപാട് മാറ്റുന്നത് വരെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ ജലപങ്കാളിത്ത കരാർ സസ്പെൻഡ് ചെയ്ത നിലയിൽ തന്നെ തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്.






