
ബിഗ് ബോസ് മറാഠിയിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രേവ കൗരസേ . ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറയുകയാണ് താരം. തന്റെ കരിയറിലെ ഏറ്റവും മോശം അനുഭവമായിരുന്നു അതെന്നും, അത് തന്റെ മാനസികാരോഗ്യത്തെയും സിനിമാ ജീവിതത്തെയും ബാധിച്ചുവെന്നും രേവ പറയുന്നു.
ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നതിനായി മുംബൈയിൽ നിന്നും ഹൈദരാബാദിൽ എത്തിയപ്പോഴാണ് രേഖയ്ക്ക് ഈ ദുരനുഭവം ഉണ്ടായത്. സിനിമയുടെ ലുക്ക് ടെസ്റ്റിനായും ക്യാമറ ട്രയലുകൾക്കുമായി മൂന്ന് ദിവസമാണ് താരം അവിടെ ചെലവഴിച്ചത്. തുടക്കത്തിൽ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് വളരെ പ്രൊഫഷണലായ സമീപനമായിരുന്നതിനാലാണ് ആ വേഷം തനിക്ക് ഉറപ്പായും ലഭിക്കുമെന്ന് രേഖ കരുതിയിരുന്നത്. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു.
'അവര്‍ എനിക്ക് ഹൈദരാബാദിലേക്ക് ടിക്കറ്റെടുത്തു തന്നു. എല്ലാം വളരെ പ്രൊഫഷണല്‍ ആയിരുന്നു. ലുക്ക് ടെസ്റ്റും, കാമറ ട്രയലും വര്‍ക്ക് ഷോപ്പുമൊക്കെയായി മൂന്ന് ദിവസം പോയി. ആ സിനിമ കിട്ടിയെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു'' താരം പറയുന്നു. പ്രതിഫലത്തെക്കുറിച്ച് വരെ സംസാരിച്ചു. കരാര്‍ ഒപ്പിടാന്‍ ശുഭമുഹൂര്‍ത്തം നോക്കി പറയാമെന്നും പറഞ്ഞു. എന്നാല്‍ പിന്നാലെ അവര്‍ ബന്ധപ്പെടാതായെന്നാണ് താരം പറയുന്നത്.
''ഒടുവില്‍ ഞാന്‍ അവരോട് ചോദിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് നിര്‍മാതാവിന് ഞാന്‍ 'പേഴ്‌സണല്‍ ഫേവേഴ്‌സ്' ചെയ്യണമെന്ന് പറയുന്നത്. ഞാന്‍ ഞെട്ടിപ്പോയി. കരിയറിന്റെ തുടക്കകാലമാണ്. ഒരാള്‍ അങ്ങനെ പറയുമെന്ന് വിശ്വസിക്കാനായില്ല'' താരം പറയുന്നു. അതോടെ ആ സിനിമ വേണ്ടെന്ന് തന്നെ രേവ തീരുമാനിച്ചു.
''ആ വ്യക്തിയോട് ഞാന്‍ പിന്നീട് സംസാരിച്ചിട്ടില്ല. അതായിരുന്നു നിബന്ധനയെങ്കില്‍ അവര്‍ക്കത് നേരത്തെ പറയാമായിരുന്നു. എന്റെ സമയം കളയേണ്ടി വരില്ലായിരുന്നു. തിരിച്ചുവരാന്‍ അവര്‍ എനിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് തന്നില്ല. ഞാന്‍ തന്നെ ടിക്കറ്റെടുത്താണ് പൂനെയിലേക്ക് വന്നത്. എന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു. അതിനാല്‍ ആദ്യമൊന്നും വീട്ടില്‍ പറഞ്ഞില്ല''.
''എനിക്ക് അതില്‍ നിന്നും പുറത്തുവരാന്‍ സമയം വേണ്ടിയിരുന്നു. രണ്ട് മാസത്തേക്ക് ഞാന്‍ പുറത്തിറങ്ങിയിട്ടില്ല. സുഹൃത്തുക്കളോടും വീട്ടുകാരോടുമെല്ലാം വലിയൊരു സിനിമ ചെയ്യാന്‍ പോകുന്നതായി പറഞ്ഞിരുന്നു. അതിനാല്‍ സിനിമയില്ലാതെ തിരിച്ചുവന്നുവെന്ന് പറയാനായില്ല. കുടുംബത്തോട് പറയാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ല'' താരം പറയുന്നു. പിന്നീട് സഹോദരിയോട് തുറന്ന് പറയുകയായിരുന്നുവെന്നും രേവ പറയുന്നു.






