
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നല്കി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവയാണ് മുന്നറിയിപ്പില്ലാത്ത ജില്ലകള്‍. കടുത്ത മഴയെത്തുടര്‍ന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, കാഴ്ചമങ്ങല്‍ എന്നിവ മൂലം കടുത്ത ഗതാഗതക്കുരുക്കിന് സാധ്യത. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടോ വെള്ളപ്പൊക്കമോ ഉണ്ടായേക്കാം. കാറ്റില്‍ മരങ്ങള്‍ വീണ് വന്‍ അപകടങ്ങള്‍ക്കും വൈദ്യുതി തടസ്സത്തിനും സാധ്യതയുണ്ട്. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചേക്കാം. തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത നിര്‍മിതികള്‍ക്ക് നാശമുണ്ടാകാം.
മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്. കടുത്ത കാലാവസ്ഥ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിച്ചേക്കാം. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കി ആളുകള്‍ പൂര്‍ണ്ണമായും സുരക്ഷിത മേഖലകളില്‍ തുടരുക. റോഡുകളിലെ സാഹചര്യം കണക്കിലെടുത്ത് ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്.






