
ബെംഗളൂരു: കള്ളനോട്ടുകൾ അച്ചടിച്ച കേസിൽ ഒരു എംബിഎ ബിരുദധാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിലെ സമ്പികെ ലേഔട്ടിൽ താമസിക്കുന്ന രുദ്രേഷ് (41) എന്നയാളാണ് പിടിയിലായത്. ബെംഗളൂരു നഗരത്തിലും, തുമകൂരു തുടങ്ങിയ പ്രദേശങ്ങളിലും ഇയാൾ വ്യാപകമായി വ്യാജ 500 രൂപ നോട്ടുകൾ ചെലവഴിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ജൂലൈ 2-ന് ഹുലിയാരു ഗ്രാമത്തിലെ ഒരു കടയിൽ നിന്ന് സിഗരറ്റ് വാങ്ങാൻ ഇയാൾ വ്യാജ 500 രൂപ നോട്ട് നൽകിയതോടെയാണ് സംഭവത്തിന്റെ അന്വേഷണം ആരംഭിക്കുന്നത്. കടക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹുലിയാരു പോലീസ് അന്വേഷണം നടത്തുകയും പ്രതിയുടെ ബെംഗളൂരുവിലെ വീട്ടിലെത്തുകയുമായിരുന്നു.
പോലീസ് എത്തിയപ്പോൾ പ്രതിയുടെ കുടുംബാംഗങ്ങൾ പരിശോധന തടയാൻ ശ്രമിച്ചു. വീട് മുഴുവൻ വ്യാപകമായി തിരഞ്ഞിട്ടും ആദ്യം രുദ്രേഷിനെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കട്ടിലിനടിയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയ്ക്കുള്ളിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസ് പൊക്കിയത്.
മുമ്പ് 2024-ൽ ദാവനഗരെ പോലീസ് പിടികൂടിയ ഒരു കള്ളനോട്ട് മാഫിയയുമായി രുദ്രേഷിന് ബന്ധമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് മാസത്തിനുള്ളിൽ 20 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്ത കേസായിരുന്നു അത്. അന്ന് രുദ്രേഷ് ഉൾപ്പെടെ ആറ് പേർ അറസ്റ്റിലാവുകയും ജയിലിലാവുകയും ചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം രുദ്രേഷ് വീണ്ടും കള്ളനോട്ട് നിർമ്മാണം ആരംഭിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. ഈ കേസിലെ മറ്റൊരു പ്രതി കൂടി ഇനി പിടികൂടാനുണ്ട്, ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഹുലിയാരു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഈ കള്ളനോട്ട് ശൃംഖലയിൽ മറ്റാർക്കൊക്കെ പങ്കുണ്ടെന്നും എത്രത്തോളം വ്യാജ നോട്ടുകൾ വിപണിയിൽ ഇറക്കിയിട്ടുണ്ടെന്നും കണ്ടെത്താൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.






