
തിരുവനന്തപുരം: കൂടുതൽ പി.എസ്.സി. പരീക്ഷകളിൽ ക്രമക്കേട് നടന്നതായി ഗുരുതര കണ്ടെത്തൽ. ഹോട്ടൽ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമന നടപടിയിലാണ് പുതിയ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. അഭിമുഖത്തിൽ ചട്ടം ലംഘിച്ച് അമിത മാർക്ക് നൽകിയെന്നാണ് കണ്ടെത്തൽ.
എഴുത്തുപരീക്ഷയിൽ 27 ശതമാനം മാർക്ക് നേടിയ ഉദ്യോഗാർഥിക്ക് അഭിമുഖത്തിൽ 20 മാർക്ക് നൽകിയതായി കണ്ടെത്തി. നിലവിലെ ചട്ടപ്രകാരം അഭിമുഖ മാർക്ക്, എഴുത്തുപരീക്ഷയിൽ നേടിയ മാർക്കിന്റെ 12.02 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്നിരിക്കെയാണ് ഈ നടപടി നടന്നതെന്നാണ് ആരോപണം.
റാങ്ക് പട്ടികയിൽ അട്ടിമറി നടന്നതായി സംശയിച്ച് ഉദ്യോഗാർഥികൾ പരാതിയുമായി രംഗത്തെത്തി. എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ പിന്തള്ളിയാണ് അഭിമുഖ മാർക്ക് നൽകി റാങ്ക് നിർണയിച്ചതെന്നാണ് ആരോപണം. എഴുത്തുപരീക്ഷയിൽ 92 മാർക്ക് നേടിയ ഒരു ഉദ്യോഗാർഥി ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ, പി.എസ്.സി.യുടെ വിവിധ നിയമനങ്ങളും പരീക്ഷകളും സംബന്ധിച്ച് തുടർച്ചയായി പരാതികൾ ഉയരുകയാണ്. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള നിയമനത്തിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. പൊതുപരീക്ഷയിലെ 10 ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെയാണ് രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും നിയമനം നടത്തുകയും ചെയ്തതെന്നാണ് കണ്ടെത്തൽ. ഒരു ഉദ്യോഗാർഥി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് പിഴവ് പി.എസ്.സി. സമ്മതിച്ചത്.
ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈ.എസ്.പി. (സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.), സർവകലാശാല പി.ആർ.ഒ. ഉൾപ്പെടെയുള്ള നിയമന നടപടികളിലും പരാതികൾ ഉയർന്നിട്ടുണ്ട്.
പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികളിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നേരത്തേ ആരംഭിച്ചിരുന്നു. എസ്.പി. സിനി ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പി.എസ്.സി. പരീക്ഷാ ക്രമക്കേടുകൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും നേരത്തെ പ്രതികരിച്ചിരുന്നു.






