
തൃശൂർ: പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആറുവയസുകാരി മരിച്ചു. ആനക്കല്ല് സ്വദേശി മുത്തുവിന്റെ മകൾ ഋതികയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ മൂത്ത സഹോദരനും ചികിത്സയിൽ തുടരുകയാണ്.
ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് മുത്തു മക്കൾക്ക് വിഷം നൽകിയതെന്നാണ് പൊലീസ് പറയുന്നത്. ആറുവയസും ഏഴുവയസുമുള്ള കുട്ടികൾക്ക് എലിവിഷം നൽകിയതിന് പിന്നാലെ മുത്തുവും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുത്തു പൊലീസ് നിരീക്ഷണത്തിലിരിക്കെയാണ് ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






