
ഇടുക്കി: ചക്കുപള്ളം മാങ്കവലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനിയായ തോട്ടം തൊഴിലാളി മരിച്ചു. ഗൂഡല്ലൂർ സ്വദേശിനി പെരുമായി ആണ് മരിച്ചത്.
ഏലക്കായ വിളവെടുപ്പ് ഉൾപ്പെടെയുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് മുകളിൽ നിന്ന് വലിയ മരച്ചില്ല ഒടിഞ്ഞുവീണ് പെരുമായിയുടെ തലയിലേക്ക് പതിച്ചത്. കനത്ത മഴയെ തുടർന്ന് മരച്ചില്ലകൾക്ക് ബലക്ഷയം സംഭവിച്ചതാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് സഹതൊഴിലാളികളും തോട്ടം അധികൃതരും ചേർന്ന് പെരുമായിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് കരുതുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്ക് കൊണ്ടുപോകും.






