അയോധ്യ: സുരക്ഷാ ലംഘനങ്ങളും മേല്‍നോട്ടത്തിലെ വീഴ്ചയുമാണു രാമക്ഷേത്രത്തിലെ സംഭാവന എണ്ണുന്ന മുറിയില്‍നിന്ന് ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി പണം മോഷ്ടിക്കാന്‍ അവസരമൊരുക്കിയതെന്നു പ്രത്യേക അന്വേഷണ സംഘത്തി(എസ്.ഐ.ടി)ന്റെ കണ്ടെത്തല്‍. അറസ്റ്റിലായ ആറ് പണം എണ്ണല്‍ ജീവനക്കാര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്താന്‍ എസ്.ഐ.ടി. ആവശ്യപ്പെട്ടു. ഒപ്പം സൂപ്പര്‍വൈസര്‍മാരെയും സുരക്ഷാ ചുമതലയുള്ളവരെയും കുറിച്ച് അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ലഖ്നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത് തലവനായ മൂന്നംഗ സംഘമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. ലഖ്നൗ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്. കിരണ്‍, അയോധ്യ സര്‍ക്കിള്‍ ഓഫീസര്‍ അഷുതോഷ് തിവാരി എന്നിവരാണു അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.
ജീവനക്കാര്‍ പണം ഒളിപ്പിച്ചുവയ്ക്കുന്നത് ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. 2026 ഏപ്രില്‍ 27-നും ജൂണ്‍ 5-നും ഇടയില്‍, പണം എണ്ണുന്നവര്‍ കറന്‍സി കെട്ടുകളും തുകകളും തങ്ങളുടെ പോക്കറ്റുകളിലും ഷൂസുകളിലും വസ്ത്രങ്ങളിലും ഒളിപ്പിക്കുന്നതിന്റെ എഴുപതോളം ദൃശ്യങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഒറ്റപ്പെട്ട സംഭവങ്ങളെല്ലന്നും ആസൂത്രിതമായ മോഷണമാണെന്നും എസ്.ഐ.ടി. വ്യക്തമാക്കി. എസ്.ഐ.ടി. രൂപീകരിക്കുന്നതിന് മുമ്പ് തന്നെ, പണം എണ്ണുന്ന ജീവനക്കാരില്‍നിന്ന് ഏകദേശം 2.79 കോടി രൂപയും വിദേശ കറന്‍സികളും ആഭരണങ്ങളും ട്രസ്റ്റ് തിരിച്ചുപിടിച്ചിരുന്നു. ജൂണ്‍ 4-ന് പണം എണ്ണുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ശുചിമുറിയില്‍നിന്ന് 2.25 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
ആറ് പേരാണ് ഈ കേസില്‍ കുറ്റാരോപിതരായിട്ടുള്ളത്. വീഡിയോ റെക്കോഡിങ്ങുകള്‍, വീണ്ടെടുത്ത പണത്തിന്റെ രേഖകള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അവിനാഷ് ശുക്ല, അനുകല്പ് മിശ്ര, ലവകുശ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കര്‍ മിശ്ര എന്നിവര്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്ന് എസ്.ഐ.ടി. സ്ഥിരീകരിച്ചു. ശുക്ലയും യാദവും തുടര്‍ച്ചയായി പണം പോക്കറ്റിലിടുന്നത് ക്യാമറകളില്‍ പതിഞ്ഞപ്പോള്‍, മറ്റ് നാല് പേര് മോഷണം നടത്താന്‍ ഇവരെ സഹായിച്ചതായാണ് ആരോപണം. ആറ് പേരും നിലവില്‍ കസ്റ്റഡിയിലാണ്.
പ്രതികള്‍ക്ക് പ്രതിമാസം ഏകദേശം 20,000 രൂപയാണ് ശമ്പളം ലഭിച്ചിരുന്നത്, ഇത് നികുതികളും മറ്റും കഴിഞ്ഞ് 15,000 രൂപയായി കുറയുമായിരുന്നു. എന്നിട്ടും, ഇവരുടെ അക്കൗണ്ടുകളില്‍ വലിയ തോതിലുള്ള പണ നിക്ഷേപങ്ങളും ഫിക്സഡ് ഡെപ്പോസിറ്റുകളും മറ്റ് ബാങ്ക് ഇടപാടുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മോഷ്ടിച്ച പണം ഇവര്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകള്‍ വഴിയാണ് വിനിയോഗിച്ചതെന്ന് എസ്.ഐ.ടി. വ്യക്തമാക്കി. മോഷണത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി എത്രയെന്ന് ഇതുവരെ പൂര്‍ണമായി വ്യക്തമായിട്ടില്ല. ഹാര്‍ഡ് ഡിസ്കിലെ സംഭരണ ശേഷിയുടെ കുറവ് കാരണം, ഏപ്രില്‍ 27-ന് മുമ്പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ നഷ്ടമായി. എന്നാല്‍ ബാങ്ക് രേഖകളും പ്രതികളുടെ സമ്മതമൊഴികളും സൂചിപ്പിക്കുന്നത് മോഷണം ഇതിനേക്കാള്‍ വളരെ മുമ്പ് തന്നെ ആരംഭിച്ചിരുന്നു എന്നാണ്.
സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. ക്ഷേത്രത്തിലെ വഴിപാടുകള്‍ കൈകാര്യം ചെയ്യുന്നതിനായി ട്രസ്റ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്ര?സീജിയര്‍ രൂപീകരിച്ചിരുന്നുവെങ്കിലും, അതു നടപ്പിലാക്കിയില്ല. ജീവനക്കാര്‍ അകത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും നടത്തേണ്ട നിര്‍ബന്ധിത ശാരീരിക പരിശോധനകള്‍ ഒഴിവാക്കി, വ്യക്തിഗത സാധനങ്ങള്‍ പണം എണ്ണുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി, പോക്കറ്റുകളുള്ള വസ്ത്രങ്ങളാണു ധരിച്ചിരുന്നത്. കൂടാതെ, ബയോമെട്രിക് ലോഗുകള്‍ പണിമുടക്കി, വിവിധ സംഭാവന പെട്ടികളില്നിന്നുള്ള വഴിപാടുകള്‍ എണ്ണുന്നതിന് മുമ്പ് ഒന്നിച്ച് കലര്‍ത്തി, തരംതിരിച്ചുള്ള രേഖപ്പെടുത്തലുകള്‍ ഒഴിവാക്കി, നിരീക്ഷണ ക്യാമറകള്‍ തടസമായി മാറിയതുമില്ല. ഈ സുരക്ഷാ വീഴ്ചകളെല്ലാം ചേര്‍ന്നാണ് പണം തുടര്‍ച്ചയായി ചോര്‍ത്താന്‍ കാരണമായതെന്ന് എസ്.ഐ.ടി. വ്യക്തമാക്കി.
2025 ഫെബ്രുവരിയിലെ എസ്.ഒ.പി പരിഷ്കരണത്തില്‍, നിര്‍ബന്ധിത ശാരീരിക പരിശോധനയ്ക്ക് പകരം പതിവ്/ക്രമരഹിതമായ പരിശോധനകള്‍ മതിയെന്നുവച്ച് ചട്ടങ്ങള്‍ ലഘൂകരിച്ചത് എന്തുകൊണ്ടാണെന്ന് എസ്.ഐ.ടി. ആരാഞ്ഞിട്ടുണ്ട്. ലഘൂകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പോലും പാലിക്കപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, 2022-23 മുതല്‍ 2025-26 വരെയുള്ള ആഭ്യന്തര ഓഡിറ്റുകളില്‍ മോശം റെക്കോഡുകള്‍, ക്യാമറകളുടെ കുറവ്, 180 ദിവസത്തെ വീഡിയോ സംഭരണ ശേഷിയുടെ ആവശ്യകത എന്നിവ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ട്രസ്റ്റ് ഈ മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണുണ്ടായത്.
ട്രസ്റ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ബാങ്കുമായി ചേര്‍ന്ന് സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ സഹായിച്ച അനില്‍ മിശ്ര, ജീവനക്കാര്‍ ശാരീരിക പരിശോധനകള്‍ ഒഴിവാക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഇടപെട്ടില്ല. ഈ മേല്‍നോട്ട വീഴ്ചകളുടെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്ന് എസ്.ഐ.ടി. വിലയിരുത്തി. ഇതിനെത്തുടര്‍ന്ന് മിശ്ര രാജിവച്ചു.
ജീവനക്കാരെ നിരീക്ഷിക്കുന്നതിലും ശാരീരിക പരിശോധനകള്‍ ഉറപ്പാക്കുന്നതിലും നിര്‍ബന്ധിത സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിലും പണം എണ്ണുന്ന മുറിയുടെ ചുമതലയുണ്ടായിരുന്ന സുഭാഷ് ശ്രീവാസ്തവ പരാജയപ്പെട്ടു. ഔദ്യോഗിക അനുമതിയില്ലാതെ സംഭാവന പെട്ടിയുടെ താക്കോലുകള്‍ കൈവശംവച്ചതിന് രമാശങ്കര്‍ യാദവി(ടിന്നു)നെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ടിന്നു തന്റെ ബന്ധുവായ മനീഷ് കുമാര്‍ യാദവിനെ ജോലിക്ക് എടുക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു, ഇയാള്‍ പിന്നീട് മോഷണക്കേസില്‍ പ്രതിയാവുകയും ചെയ്തു. അതേസമയം, കാണാതായ വെള്ളി ഇഷ്ടികകളെക്കുറിച്ചും മറ്റ് വിലപിടിപ്പുള്ള സംഭാവനകളെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് എസ്.ഐ.ടി. വ്യക്തമാക്കി. എല്ലാ സംഭാവനകളും സുരക്ഷിതമായിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി, ആവശ്യമെങ്കില്‍ ബന്ധപ്പെട്ട ദാതാക്കള്‍ക്ക് ഇവ നേരിട്ട് കാണിച്ചു കൊടുക്കാന്‍ തയാറാണെന്നും അവര്‍ അറിയിച്ചു. അതിനിടെ, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പാനലിന് അനുവദിച്ച സമയപരിധി സംസ്ഥാന സര്‍ക്കാര്‍ ഈ മാസം 15 വരെ നീട്ടി നല്‍കിയിട്ടുണ്ട്.





