അലഹബാദ്: മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ലോകപ്രശസ്ത പൈതൃക സ്മാരകങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ട് അലഹബാദ് ഹൈക്കോടതി. താജ്മഹലിനുള്ളില്‍ 'തേജോ മഹാലയ' എന്ന ക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുന്ന ഹര്‍ജി പരിഗണിച്ച കോടതി, കേന്ദ്രസര്‍ക്കാരിനും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചു.
ഭരണഘടനയുടെ അനുച്ഛേദം 227 പ്രകാരം ഈ വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ നിരീക്ഷിച്ചു.
താജ്മഹല്‍ പരിസരത്ത് ശാസ്ത്രീയമായ വിലയിരുത്തലും സര്‍വേയും നടത്തണമെന്ന ആവശ്യങ്ങള്‍ നേരത്തെ കീഴ്ക്കോടതികള്‍ തള്ളിക്കളഞ്ഞിരുന്നു. പ്രദേശത്ത് നിലനില്‍ക്കുന്ന ഹൈന്ദവ മതചിഹ്നങ്ങളും വാസ്തുവിദ്യാ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള ശാസ്ത്രീയമായ സര്വേയില്ലാതെ ഈ സ്ഥലത്തിന്റെ കൃത്യമായ ചരിത്രപരമായ വിലയിരുത്തല്‍ അസാധ്യമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരിശങ്കര്‍ ജെയിന് വാദിച്ചു. കേന്ദ്രസര്‍ക്കാരിനെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെയും പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും അഭിഭാഷകനുമായ മനോജ് കുമാര്‍ സിങ് ഹാജരായി.
2015-ല്‍ ആഗ്രയിലെ പ്രാദേശിക കോടതിയില്‍ ആരംഭിച്ച നിയമപോരാട്ടത്തില്നിന്നാണ് ഈ റിട്ട് ഹര്‍ജിയുടെ ഉത്ഭവം. സിവില്‍ നടപടിക്രമങ്ങളുടെ ഓര്‍ഡര്‍ 26 റൂള്‍ 9 പ്രകാരം ഒരു അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് ഹര്‍ജിക്കാര്‍ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്തത്. താജ്മഹല്‍ പരിസരത്ത് പ്രാദേശികമായ പരിശോധന നടത്തി, അവിടെയുള്ള ഹൈന്ദവ മതചിഹ്നങ്ങളും വാസ്തുവിദ്യാ ഘടനകളും രേഖപ്പെടുത്തണം എന്നതായിരുന്നു ആവശ്യം.
സാങ്കേതിക കാരണങ്ങളാല്‍ 2019 ജൂലൈ 18-ന് ആഗ്രയിലെ സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്) അപേക്ഷ നിരസിച്ചു. സര്‍വേയുമായി മുന്നോട്ട് പോകാന്‍ ഉറച്ച ഹര്‍ജിക്കാര്‍ ജില്ലാക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കി. എന്നാല്‍, 2026 ഏപ്രില്‍ 4-ന് ആഗ്രയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി ഈ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളി.
തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് അയക്കുന്നതിനുള്ള നടപടികള്‍ 10 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.





