ഹൈദരാബാദ്: തീര്ഥാടത്തിനുപോകും മുമ്പ് തയാറാക്കിയ ഡയറി ചോര്‍ന്നതോടെ തെലങ്കാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് സങ്കിവെഡ്ഡി ഭീം റെഡ്ഡി അറസ്റ്റില്‍. 300 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതോടെയാണ് അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഡയറിയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെലങ്കാനയിലെയും കര്‍ണാടകയിലെയും സങ്കിവെഡ്ഡിയുടെ വസതി, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ബിനാമികള്‍, കൂട്ടാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട 15-ലധികം സ്ഥലങ്ങളില്‍ എ.സി.ബി ഒരേസമയം പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
ഹൈദരാബാദിലെ പോലീസ് കമ്പ്യൂട്ടര്‍ സര്വീസസിലാ(പി.സി.എസ്)ണ് സങ്കിവെഡ്ഡി ഇപ്പോള്‍ ജോലി ചെയ്യുന്നത്.
ഹൈദരാബാദിലെ ഇബ്രാഹിംബാഗ് വെസെല്ല മെഡോസില്‍ വില്ല, ടെലികോം നഗറില്‍ വീട്, ടെലികോം നഗറിലെ സായ് പ്രഭ റെസിഡന്‍സിയിലുള്ള ഫ്ലാറ്റ്, ഗച്ചിബൗളിയിലെ ക്രാന്തി സിയോണ്‍ അപ്പാര്‍ട്ട്മെന്റിലുള്ള ഫ്ലാറ്റ്, മണികൊണ്ട ലാന്കോഹില്സ് റോഡില്‍ 500 ചതുരശ്ര വാര വിസ്തീര്‍ണ്ണമുള്ള കൊമേഴ്സ്യല്‍ കോംപ്ലക്സ്, 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വാണിജ്യ സ്ഥാപനം, തെല്ലാപ്പൂരിലെ അഭിനന്ദ റെസിഡന്‍സിയിലുള്ള ഫ്ലാറ്റുകള്‍, കര്‍ണാടകയില്‍ 44 ഏക്കര്‍ കൃഷിഭൂമി, ബംഗളൂരുവിലെ ദേവനഹള്ളിയില്‍ ഒരു ഏക്കര്‍ ഭൂമി, മെസ്സേഴ്സ് ശ്രീ രാഘവേന്ദ്ര റോക്ക് സാന്‍ഡ് മിനറല്‍സില്‍ 75,00,000 രൂപയുടെ നിക്ഷേപം എന്നിവയടക്കമാണു 300 കോടി രൂപയുടെ ആസ്തി കണ്ടെത്തിയത്.
സങ്കിവെഡ്ഡിയുടെ വീട്ടില്‍നിന്ന് 3.60 ലക്ഷം രൂപയും ബിനാമിയുടെ വീട്ടില്‍നിന്ന് 40 ലക്ഷം രൂപയും പണമായി കണ്ടെടുത്തു.
ഏകദേശം 2 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 20 കിലോഗ്രാം വെള്ളിയാഭരണങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു. കഴിഞ്ഞ മേയിയില്‍ ഭാര്യയോടൊപ്പം തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പാണു സങ്കിവെഡ്ഡി ഡയറി എഴുതിയത്. ഡയറിയില്‍ സ്വത്തുക്കള്‍, നിക്ഷേപങ്ങള്‍, ബാധ്യതകള്‍, ബിനാമികളുടെ പേരുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അത് ചോര്‍ന്നതാണ് അറസ്റ്റില്‍ കലാശിച്ചത്.





