ന്യൂഡല്‍ഹി: നീറ്റ് ചോദ്യച്ചോര്‍ച്ചയ്‌ക്കു പിന്നാലെ യു.ജി.സി-നെറ്റ് പരീക്ഷാ ചോദ്യപേപ്പറും ചോര്‍ന്നതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സോഷ്യോളജി നെറ്റ് പരീക്ഷാ ചോദ്യങ്ങള്‍ ചോര്‍ത്തി ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, രാജസ്‌ഥാന്‍ എന്നിവിടങ്ങളില്‍ 2.25 ലക്ഷത്തിന് വിറ്റഴിക്കപ്പെട്ടെന്ന ഗുരുതര ആരോപണമാണ് എക്‌സിലൂടെ രാഹുല്‍ നടത്തിയത്. ഈ പരീക്ഷയില്‍ അപ്പാടെ വ്യാകരണ പിശകുകളും അക്ഷരത്തെറ്റുകളുമാണെന്ന പരാതികള്‍ക്കു പിന്നാലെയാണ് പതിയ വിവാദം.
'പരീക്ഷയ്‌ക്ക് തൊട്ടുമുമ്പ് 100 പേജുള്ള ഒരു പി.ഡി.എഫ് പ്രചരിപ്പിച്ചു.
അതിലെ 90 ചോദ്യങ്ങള്‍ സോഷ്യോളജി നെറ്റ് പരീക്ഷയിലെ ചോദ്യങ്ങളുമായി പൊരുത്തപ്പെടുന്നു. മാത്രമല്ല, ഇതേ നെറ്റ്‌വര്‍ക്ക് തന്നെയാണ് നെറ്റ്, എച്ച്.ടി.ഇ.ടി, എ.ഡി.എ പരീക്ഷാ ചോദ്യപേപ്പറുകളും ചോര്‍ത്തിനല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
നീറ്റിലും നെറ്റിലും ആവര്‍ത്തിച്ച് അഴിമതികള്‍ നടന്നിട്ടും മോദി സര്‍ക്കാര്‍ കണ്ണടച്ച് ഉറങ്ങുകയാണ്. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ രാത്രി മുഴുവന്‍ കണ്ണില്‍ എണ്ണ ഒഴിച്ചു നടത്തിയ കഠിനാധ്വാനത്തിന് അവര്‍ ഒരു വിലയും നല്‍കുന്നില്ല'- രാഹുല്‍ ആരോപിച്ചു.
ജൂണ്‍ 30-ന് നടന്ന നെറ്റ് പരീക്ഷയ്‌ക്ക് മുമ്പേ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ദൈനിക് ഭാസ്‌കര്‍ വാര്‍ത്തയും രാഹുല്‍ ഗാന്ധി എടുത്തുകാട്ടി.
ഹരിയാനയിലെ റോഹ്‌ത്തക്കില്‍ രണ്ട് വിദ്യാര്‍ഥി നേതാക്കള്‍ ഒരു സ്‌ക്രീനില്‍ സോഷ്യോളജി ചോദ്യപേപ്പറിന്റെ ഉള്ളടക്കം കാണിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അതില്‍ രണ്ട് സെറ്റ് ചോദ്യങ്ങള്‍ ഉദ്യോഗാര്‍ഥികളെ പഠിപ്പിച്ചുവെന്നും 100 ചോദ്യങ്ങളുള്ള ഒരു സെറ്റ് പരീക്ഷാ ചോദ്യങ്ങളുമായി അവ പൊരുത്തപ്പെടുന്നുണ്ടെന്നും തുറന്നുകാട്ടി.
നീറ്റ് യുജി പേപ്പര്‍ ചോര്‍ച്ച രാജ്യവ്യാപകമായി പ്രതിഷേധത്തിന് വഴിമാറിയതിനു പിന്നാലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു വിദ്യാര്‍ഥികളും വിദ്യാര്‍ഥി സംഘടനകളും പ്രക്ഷോഭം നടത്തുന്നതിനിടെയാണ് വീണ്ടും ചോദ്യച്ചോര്‍ച്ചാ ആരോപണം ബി.ജെ.പി സര്‍ക്കാരിനു പ്രഹരമാകുന്നത്.
ആകെ ചോദിച്ച 150 ചോദ്യങ്ങളില്‍ കുറഞ്ഞത് 67 എണ്ണമെങ്കിലും 2024-ലെ പരീക്ഷയില്‍ ചോദിച്ചതിന് സമാനമാണെന്ന ആരോപണവും വിദ്യാര്‍ഥികളില്‍ ചിലര്‍ ഉന്നയിച്ചു. എം.സി.ക്യു ഉത്തരങ്ങളുടെ ക്രമം പോലും മാറ്റിയിട്ടില്ലെന്നും അവര്‍ പറയുന്നു.





