
ടെഹ്‌റാന്‍ : മദ്ധ്യേഷ്യയില്‍ സംഘര്‍ഷസാധ്യത കുട്ടിക്കൊണ്ട് ഇറാനില്‍ അമേരിക്കയുടെ വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്ക് മുതല്‍ ഒമാന്‍ ഉള്‍ക്കടല്‍ വരെയുള്ള ഇറാന്റെ തെക്കന്‍ തീരപ്രദേശങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങള്‍ ഉണ്ടായതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ പുതിയ ആക്രമണങ്ങള്‍ എന്നാണ് അമേരിക്കയുടെ ന്യായീകരണം.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള താല്‍ക്കാലിക കരാര്‍ 'അവസാനിച്ചു' എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ നീക്കം. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഏറ്റവും വലിയ തുറമുഖവും പ്രധാന നാവികസേന-റെവല്യൂഷണറി ഗാര്‍ഡ്‌സ് താവളങ്ങളുമുള്ള ബന്ദര്‍ അബ്ബാസ്, പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തീരദേശ നഗരങ്ങളായ കൊനാരക്, ചാബഹാര്‍ എന്നിവ ആക്രമിക്കപ്പെട്ട സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതേത്തുടര്‍ന്ന് ഇറാന്റെ തെക്കന്‍ തീരപ്രദേശങ്ങളിലെ പല നഗരങ്ങളും വിറയ്ക്കുകയും ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.
ചാബഹാറിലെ ചില ഭാഗങ്ങളില്‍ ആക്രമണത്തെ തുടര്‍ന്ന് വൈദ്യുതി തടസ്സപ്പെട്ടിരുന്നെങ്കിലും, ഇപ്പോള്‍ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചാബഹാറിലെ ഒരു മാരിടൈം ട്രാഫിക് കണ്‍ട്രോള്‍ ടവറിന് നേരെയും ആക്രമണമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കുകിഴക്കന്‍ നഗരമായ ഇറാന്‍ഷഹറിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു അഗ്‌നിശമന സേനാംഗം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഇറാനിലെ അഖ്ഖല നഗരത്തിന് സമീപമുള്ള ഒരു റെയില്‍വേ പാലത്തിന് നേരെയും യുഎസ് ആക്രമണം ഉണ്ടായതായി പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
'ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം ഇറാനാണെന്ന് വ്യക്തമാക്കുന്ന ധാരണാപത്രത്തിലെ വ്യവസ്ഥയെ യുഎസ് ആക്രമണങ്ങള്‍ ലംഘിച്ചുവെന്ന് ഇറാന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. പ്രതികാരമായി, ആണവ വ്യാപന നിരോധന കരാറില്‍ നിന്ന് പിന്മാറും. ഇതിന് പുറമേ ചെങ്കടലിന്റെ പ്രവേശന കവാടത്തിലെ പ്രധാന കപ്പല്‍ ചാനലായ ബാബ്-അല്‍-മന്ദേബ് കടലിടുക്ക് അടച്ചുപൂട്ടുക തുടങ്ങിയ ഓപ്ഷനുകള്‍ പരിഗണനയിലുണ്ടെന്ന് പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷന്‍ വക്താവ് അറിയിച്ചു.
പ്രധാനപ്പെട്ട ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇറാന് മേല്‍ യുഎസ് സൈന്യം ബുധനാഴ്ച വീണ്ടും ആക്രമണം ആരംഭിച്ചു. ചൊവ്വാഴ്ച മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിന് മറുപടിയായാണ് പുതിയ ആക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി. ഇത് ഇറാന്റെ തെക്കന്‍ തീരത്തെ നിരവധി നഗരങ്ങളെ പരിഭ്രാന്തിയിലാക്കുകയും ചില ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങാന്‍ കാരണമാവുകയും ചെയ്തു.
'ഇന്നലെ ഇറാന്‍ കപ്പലുകള്‍ക്ക് നേരെ നടത്തിയ ബോംബാക്രമണത്തിനുള്ള പ്രതികാരമാണിത്. ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ ഇതിലും മോശമാകും!' ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമില്‍ എഴുതി. ബുധനാഴ്ചത്തെ ആക്രമണങ്ങളെ തുടര്‍ന്ന് എണ്ണവില ബാരലിന് 1 ഡോളറിലധികം വര്‍ദ്ധിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില ബാരലിന് 79.28 ഡോളറിലെത്തി. എങ്കിലും, ഏപ്രില്‍ അവസാനം രേഖപ്പെടുത്തിയ ബാരലിന് 120 ഡോളറിലധികം എന്ന ഉയര്‍ന്ന നിരക്കിനേക്കാള്‍ വളരെ താഴെയാണ് ഇപ്പോഴത്തെ വില.






