
റായ്ഗഡ്: കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ റായ്ഗഡിൽ എച്ച്പിസിഎൽ പാതാൾഗംഗ എൽപിജി ബോട്ട്‌ലിംഗ് പ്ലാന്റിലെ സംരക്ഷണ മതിൽ തകർന്ന് മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ പാതാൾഗംഗ നദിയിലൂടെയും ഖാർപഡ ക്രീക്കിലൂടെയും ഒഴുകിപ്പോയി. നദിയിലൂടെ കൂട്ടത്തോടെ സിലിണ്ടറുകൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ പാലത്തിന് മുകളിൽ നിന്ന് പ്രദേശവാസികൾ മൊബൈലിൽ പകർത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും ഗ്യാസ് നിറച്ചിട്ടുണ്ടാകാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നദിയിൽ നിന്നോ സമീപപ്രദേശങ്ങളിൽ നിന്നോ ഈ സിലിണ്ടറുകൾ ലഭിക്കുന്ന പൊതുജനങ്ങൾ അവ എത്രയും വേഗം അധികൃതർക്കോ കമ്പനിക്കോ കൈമാറണമെന്ന് റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവ്‌ലെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സിലിണ്ടറുകളിൽ ഗ്യാസ് ഉണ്ടോ ഇല്ലയോ എന്നതിലും അവ സുരക്ഷിതമായ അവസ്ഥയിലാണോ എന്നതിലും യാതൊരു ഉറപ്പുമില്ലാത്തതിനാൽ, കൗതുകത്തിന്റെ പുറത്തോ സ്വന്തം ആവശ്യങ്ങൾക്കോ വേണ്ടി ഇവ നദിയിൽ നിന്ന് എടുക്കുന്നതോ, വീട്ടിൽ കൊണ്ടുപോകുന്നതോ അല്ലെങ്കിൽ തുറക്കാൻ ശ്രമിക്കുന്നതോ അതീവ അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സുരക്ഷ മുൻനിർത്തി ഈ സിലിണ്ടറുകൾ ആരും വീട്ടിൽ സൂക്ഷിക്കരുത്. ജനങ്ങൾക്ക് ഇവ നേരിട്ട് എച്ച്പിസിഎൽ കമ്പനിയിലോ, അടുത്തുള്ള ഏതെങ്കിലും എച്ച്പിസിഎൽ ഡീലർമാരുടെ അടുത്തോ, ഖാലാപൂരിലെയും പെന്നിലെയും തഹസിൽദാർ ഓഫീസുകളിലോ, സബ് ഡിവിഷണൽ ഓഫീസിലോ ഏൽപ്പിക്കാവുന്നതാണ്. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിലും പെയ്യുന്ന കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ജില്ലകളിൽ ഒന്നാണ് റായ്ഗഡ്.






