
ബെംഗളൂരു: കർണാടകയിലെ ഒരു സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രാവിലെ സ്കൂളിലെ വ്യായാമത്തിനിടെ കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുമ്പ് കുട്ടിയെ പിടി അധ്യാപകൻ ക്രൂരമായി മർദ്ദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു. കടയാരപ്പനഹള്ളിയിലെ സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ ഗുരു കിരൺ ആണ് മരിച്ചത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിടി അധ്യാപകനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
പോലീസ് പറയുന്നതനുസരിച്ച്, ബുധനാഴ്ച രാവിലെ 5.15-ഓടെ ഉണർന്ന ഗുരുകിരൺ 5.30-ഓടെ സ്കൂളിലെ പതിവ് വ്യായാമത്തിനായി ഗ്രൗണ്ടിലെത്തിയിരുന്നു. ഗ്രൗണ്ടിന് ചുറ്റും രണ്ട് റൗണ്ട് ഓടിയതിന് ശേഷം കുട്ടി പെട്ടെന്ന് നിലത്തു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും, വിവരമറിഞ്ഞ് മാതാപിതാക്കൾ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വ്യായാമം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അധ്യാപകൻ കുട്ടിയെ രണ്ടുതവണ മർദ്ദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിക്കുന്നു. വ്യായാമത്തിന് മുമ്പ് ഗുരുകിരൺ ശുചിമുറിയിൽ പോയതിനാണ് അധ്യാപകൻ മർദ്ദിച്ചതെന്ന് ഒരു സഹപാഠിയും വെളിപ്പെടുത്തിയിട്ടുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും ഈ അധ്യാപകൻ വിദ്യാർത്ഥികളെ വടികളും കമ്പികളും ഉപയോഗിച്ച് ക്രൂരമായി അടിക്കാറുണ്ടായിരുന്നതായും സഹപാഠി ആരോപിച്ചു.
കുട്ടിയുടെ മരണവിവരമറിഞ്ഞ് പ്രകോപിതരായ രക്ഷിതാക്കൾ സ്കൂളിലെത്തി പിടി അധ്യാപകനെ മർദ്ദിക്കുകയും, ഇയാളെ തങ്ങൾക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇടപെട്ടാണ് അധ്യാപകനെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. നീതി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ പോലീസ് വാഹനം തടഞ്ഞതോടെ, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നേരിയ തോതിൽ ബലം പ്രയോഗിച്ചു.
പ്രതിയായ പിടി അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്. മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.






